വിസ്മൃതരുടെ കൊട്ടാരം (1)
അകത്തളങ്ങളിലെനിശബ്ദതയിൽ
അടുത്തുമകന്നും കാലൊച്ചകൾ
ചിലങ്കകളുടെ സീൽക്കാരം
വാതായനങ്ങൾ തുറന്നു പോകുന്ന
സ്മൃതിയുടെ നിഴലാട്ടങ്ങൾ
ജനാലവിരിക്കപ്പുറം
ഒളിഞ്ഞുമറയുന്ന
കൃഷ്ണമണികൾ
അദൃശ്യകരങ്ങൾ കൈപിടിച്ചു കൊണ്ടുപോയ
ആസക്തിയുടെ അന്തരാളങ്ങൾ
വിരക്തിയുടെ ഉമ്മറങ്ങൾ
അരണ്ട വെളിച്ചത്തിൽ
ഇടനാഴികൾ കടക്കുമ്പോൾ
ദൃശ്യവിസ്മയങ്ങൾ
ശ്രവ്യനിർവേദങ്ങൾ
സ്പർശനങ്ങളുടെ യൗവനങ്ങൾ
ഓർമ്മകളുടേയും മറവിയുടേയും
ആരോഹണാവരോഹണങ്ങൾ പോലെ
കോവണിപ്പടികൾ
നിലവറയുടെ തണുപ്പിൽ
ഏകാന്തതയുടെ,ഒളിവിന്റെ
അവശിഷ്ടങ്ങൾ
രഹസ്യങ്ങളുടെ
ഒഴിയാത്ത കൂമ്പാരങ്ങൾ
നഗ്നമായ ചുവരുകളിൽ തട്ടി
ചിതറിവീഴുന്ന ചിരിയുടെ പ്രതിധ്വനികൾ
കൽത്തൂണുകളുടെ
ജഡത്വത്തിലേയ്ക്ക് ഉറ്റുനോക്കുന്ന
ശിലാഫലകങ്ങളുടെ ഏകമുഖങ്ങൾ
