കുറ്റാക്കുറ്റിരുട്ടായിരുന്നല്ലോ,
എന്നിട്ടും ആ കണ്ണുകൾ എങ്ങിനെ കണ്ടു പിടിച്ചു.
ഉറങ്ങാതെ കിടപ്പായിരുന്നല്ലോ,
ഓടിളക്കുന്ന ശബ്ദം കേട്ടതേയില്ല.
മുറ്റത്തെ ചീവീടുകൾ കരച്ചിലൊടുക്കിയില്ല.
വരാന്തയിൽ വെളിച്ചം കെട്ടിരുന്നില്ല.
ഒരു പാദചലനവുമില്ലാതെ, എങ്ങിനെ?
തൊട്ടടുത്ത മുറിയിൽ അച്ഛനുമമ്മയും,
കൂർക്കം വലിച്ച് വൻമതിൽ കയറുന്നു.
തലയ്ക്കൽ വെച്ച ടോർച്ച്, താക്കോൽ കൂട്ടം,
ഒറ്റനോട്ടത്തിൽ എങ്ങിനെ കണ്ടെത്തി.
പുറത്ത് പൂത്തു നിന്ന ചന്ദ്രികാവസന്തം.
അകത്ത് തസ്ക്കര നടനങ്ങൾ.
എൻ്റെ പൊന്നേ, നിങ്ങളൊരുപഠിച്ച കള്ളൻ തന്നെ.
എത്ര രാത്രിയാണിങ്ങനെ കബളിപ്പിക്കുക.
ഒറ്റ നിശ്വാസം മതി പിടിക്കപ്പെടാൻ.
വിശ്വാസമല്ലേ, എല്ലാം.
ഓരോ ചുവടിലും ഉറച്ച വിശ്വാസം.
മുടിഞ്ഞ വേർപ്പുനാറ്റം, നെഞ്ചിടിപ്പിൻ്റെ വേഗത,
ഭയക്കുന്നതിൻ്റെ ഉച്ചസ്ഥായി രാഗം.
ഒത്തു ചേരലിലെ അനുരാഗം.
കള്ളാ, കൊച്ചു കള്ളാ, നിൻ്റെയൊരു വിരുത്.
ഇന്നത്തോളം അവസാനിപ്പിച്ചോണം.
ഒച്ച വെയ്ക്കാതെ പെണ്ണേ,
നേരം ഇപ്പൊഴേ പുലരും.
എത്ര രാത്രികളിങ്ങനെ തസ്ക്കര വേഷം.
വെച്ചവസാനിപ്പിക്കാനുമാവില്ല,
ഹൃദയത്തിലെത്ര കൊളുത്തുകൾ.
Thaskkara Raathri- a poem written by Edakulangara Gopan
