ഇതേ കാലത്ത്‌

Poem

ഇതേ കാലത്ത്‌



നാളെ
എന്റെ വിവാഹമാണ്.
കുളവാഴപ്പൂക്കൾ നിറഞ്ഞ പാടവരമ്പത്ത്
എന്റെ പതിനാലാമത്തെയോ
പതിനഞ്ചാമത്തെയോ വയസ്സിലെ
ഇതേ സ്ഥലത്ത്
നീ കാത്തുനിൽക്കണം.

പുഴയ്ക്കിറങ്ങുന്ന വഴിയിലെ
മുളങ്കൂട്ടത്തിനരികിലോ
അമ്മമാർ അലക്കിത്തീരുംവരെ
എരുക്കിൻപൂപറിച്ചു കളിച്ച
അതേ മണൽത്തിട്ടിലോ
നിന്റെ പതിനാറാമത്തെയോ
പതിനേഴാമത്തെയോ വയസ്സിലെന്നപോലെ.
എന്റെ എഴുപതാമത്തെയോ
എഴുപത്തഞ്ചാമത്തെയോ വയസ്സിൽ
ഞാൻ മടങ്ങിവന്നേക്കും.

അന്നെനിക്ക് മക്കളുണ്ടാകും.
അവരുടെ മക്കളുണ്ടാകും.
അവരെന്നെ
കഥ പറയാനും കണ്ണുപൊത്താനും
വിളിക്കുന്നുണ്ടാകും
അമ്മമ്മേയെന്നുവിളിച്ച്
ചിണുങ്ങുന്നുണ്ടാകും.
ഞാൻ വരും
നീയെന്നെ കാത്തുനിൽക്കണം
ഇതേ സ്ഥലത്ത്
ഇതേ കാലത്ത്.

ഒരൊറ്റയുമ്മകൊണ്ട്
രാവായരാവൊക്കെ വെളുപ്പിക്കും
മറ്റൊന്നുകൊണ്ട്
ജരാനരകൾ കറുപ്പിക്കും
ഇതേ സമയത്ത്
ഇതേ നമ്മൾ.

A poignant poem by Sushama Bindhu that captures the ache of lost love, weaving emotions of longing, memory, and heartache into powerful verses.


Related Articles