കവിതപോലുള്ള ചില അസ്വസ്ഥതകൾ

Poem

കവിതപോലുള്ള ചില അസ്വസ്ഥതകൾ


ശിക്ഷ

മൈതാനത്തോടിക്കളിക്കുന്ന
തെരുവുനായ്ക്കളെ നോക്കിയും
അതിലൊരു കുഞ്ഞിനായിന്റെ
സ്‌നേഹക്കളിമ്പത്തിൽ മുഴുകിയും
അതിനെ വേട്ടയാടാൻ
പട പഠിപ്പിക്കുമച്ഛന്റെ
മുറിവേൽക്കാക്കടിയിലിക്കിളിപ്പെട്ടും
ഓരത്തിരുന്നു നിമിഷങ്ങളെ
അമൃതേത്തുചെയ്യുന്നൊരെന്നെ
വിശന്നുവലഞ്ഞൊരു
പേനായ വന്നു
കടിച്ചുകീറുന്നു
കവിതപോലെ.

ലിപ് ലോക്ക്

വയൽവരമ്പിലെ തവളകൾ.
പച്ചയിൽ പച്ചയായ്
അവതൻ രക്ഷാമാന്ത്രികം.
അരിക്കിലാമ്പിൻ
ഖരവെളിച്ചം.
മുഖാമുഖം നമ്മുടെ
നാലുകണ്ണുകൾ
കൂട്ടിമുട്ടുന്നതാം
തുറുനിമിഷം.
ആ നിർന്നിമേഷ
നിർദ്ദയമാത്രയെ
കവിതകൊണ്ട്
പ്രതിഷ്ഠാപനം
ചെയ്യാ
നരുനിൽക്കാത്ത
രുചിവെള്ള
സ്ഖലനം നാവിൽ
തുടിതുടിക്കുന്നു പിന്നെയും
തുടകഴിച്ചതിൻ
കൊടിപ്പടം.
രുചിസ്മരണയിൽ
ചകചകേയെന്ന്
ഈവിധം
അക്ഷരത്തവളകൾ.


Related Articles