വട്ടി, കുട്ട, പനമ്പായ നെയ്തുകൂട്ടിയതുണ്ട്.
കത്തി, വാൾ, കോടാലി മിനുക്കി തേച്ചതുണ്ട്.
വെറ്റ, പാക്ക്, ചുണ്ണാമ്പ് നിവർത്തി വെച്ചിട്ടുണ്ട്.
കാലുകെട്ടി, കൂകൽ നിർത്തി കോഴിക്കൂട്ടമുണ്ട്.
കൈലി, തോർത്ത്, കോറമുണ്ട് വിരിച്ചു വെച്ചിട്ടുണ്ട്.
പള്ളമിന്നും മീനുകളെ ഈച്ചയാട്ടുന്നുണ്ട്.
മീശവെച്ചു മോന്തകോട്ടി പൂച്ചകളുമുണ്ട്.
കോട്ടുവായിൽ നാക്കു നീട്ടി നായകളുമുണ്ട്.
നാട്ടുവഴി, നാൽക്കവല നാട്ടി വെച്ചിട്ടുണ്ട്.
വിൽക്കൽ, വാങ്ങൽ തർക്കമൊക്കെയുണ്ട്.
വെച്ചു വാണിഭക്കാരും കൂട്ടമായുമുണ്ട്.
ചോറ്റുപാത്രമാട്ടിയാട്ടിചേലുകാട്ടും പെണ്ണ്,
നാട്ടിലൊക്കെ പേരുകേട്ട കാരണോൻ്റെ മോള് ,
ചേറ്റുകണ്ടം പൂട്ടിവന്ന ചേകോനൊപ്പം പോയി.
കേട്ടപാതി, കാവ്യമാക്കി പാടിടുന്നൊരുത്തൻ.
പാട്ടുകേട്ടു കൂടി നിൽപ്പു ചുറ്റിനും മുഴുത്തോർ,
കേട്ട പാട്ടു പാടിനോക്കി പാത്തിരുന്നു പിള്ളേർ.
നോട്ടമേറ്റു, നാണമിറ്റി വേഗത നടിച്ചോർ,
അന്തിമുക്കികൊല്ലുമെന്ന് ചന്തയിൽ ധരിച്ചു.
ചിന്തകേറിയിരുട്ടുമ്പോൾ ചിമ്മിനി തെളിച്ചു.
ചന്തമുക്കിൽ സോമപാനം, ബീഡികൾ പുകച്ചു.
രാത്രിയേറി, ഇരുട്ടേറി ഒച്ചകൾ നിലച്ചു.
ചീട്ടുകളിക്കൂട്ടമൊന്ന് വട്ടമിട്ടിരുന്നു.
ക്ലാവർ, ഇസ്പേർഡ്, ഡൈമനേയും ആഡിതൻമലർത്തി,
ആടിനേയും വിറ്റു പണം വെച്ചു വീറുകാട്ടി.
ആടിയാടി ബീഡിമിന്നി റോട്ടിലൂടെ പോകെ,
കാലൊടിഞ്ഞ ബഞ്ചുവെച്ചുപീടിക മറച്ചു
മാധവേട്ടൻ കൂട്ടുകൂടി വീട്ടിലേക്കു നടന്നു.
അന്തിപെറ്റ കൂരിരുട്ടിൽ ചന്തയും മറച്ചു.
