സ്വപ്നത്തിനൊടുവിൽ
മരണം വരിച്ച്
ഞാനീവഴി, യാത്രയിലാണ്
വഴി നിറയെ പൂക്കളും
ചുറ്റിലും വിലാപങ്ങളും
കുരുത്തോലയും
പുഷ്പവൃഷ്ടിയും
എതിരേറ്റ ജനനിബിഡങ്ങളിൽ
നിശബ്ദതകൾ ചന്ദനമുട്ടിയോളം
വീർപ്പുമുട്ടുന്നതും കാണാം
വിലാപങ്ങളിങ്ങനെ
വേലിയേറ്റങ്ങൾ പോലെ
ദീർഘനിശ്വാസങ്ങളാവുകയും
പുഷ്പചക്രങ്ങൾ
നെഞ്ചൊട്ടി ഭാരമേൽപ്പിക്കയും
മന്ത്രോച്ചാരങ്ങൾ
ചകിരികൂമ്പാരങ്ങൾ പോലെ
പുകയുന്നതും കാണാം
അടക്കം പറഞ്ഞ കെട്ടുകഥകളിൽ
മറുപടിയില്ലാതെ
നിശബ്ദമായിങ്ങനെ കിടക്കും
ഒരുവരിമൂളാതെ നാടുനീങ്ങുന്നവൻ!
കത്തിയമാംസച്ചുവയാൽ
ഉയരുന്ന പുക പോലെ
ശ്മശാനത്തിലെ വഴി
എപ്പോഴും മൂകവും
നിർവ്വികാരവുമാണ്.
