ഷോറിയ റോബസ്റ്റ

Poem

ഷോറിയ റോബസ്റ്റ


വസന്തത്തിന്റെ 
ആഗമനത്തെപ്പറ്റി 
ഞാനയച്ച സന്ദേശങ്ങള്‍ 
വേരുകളില്‍ത്തന്നെ 
തണുത്തുറഞ്ഞു കിടക്കുന്നു. 
മൂടല്‍മഞ്ഞിന്റെ 
ഊഞ്ഞാല്‍ക്കിടക്കയില്‍ 
നിന്റെ നിദ്ര 
ചന്ദ്രനില്‍ ലയിക്കുന്നു. 
നീള്‍വിരലുകളിലുടക്കിയ 
എന്റെ മുടിയിഴകളില്‍ 
ആ പൂക്കള്‍ തടയുന്നു.

വനപാതയുടെ പ്രണയത്തെ 
അനന്തതയിലേക്കു വഹിക്കുന്ന 
മരങ്ങളുടെ ഉന്നതികള്‍ക്കായി 
ആകാശം കാത്തിരിക്കുന്നു. 
നഷ്ടപ്പെടുന്ന ഋതുവിന്റെ
ചക്രവാളത്തില്‍ പിടിമുറുക്കി 
കടലുകള്‍ക്കു കുറുകെയിരുന്ന് 
ഞാന്‍ കരയുകയാണ്. 
എന്റെ കവിളുകളിലേക്ക് 
അകലെ, കാട്ടില്‍ നിന്നും 
നിന്റെ രക്തം അന്തരീക്ഷത്തിലൂടെ 
വെളിച്ചമെന്ന പോലെ ഓടുന്നു.

തകര്‍ന്ന ഭൂഖണ്ഡങ്ങളില്‍ 
ഏകാന്തതയുടെ രേഖകള്‍ 
ഞരമ്പുകളായി പിടയുന്നു. 
നിന്റെ അധരങ്ങളുടെ സ്പര്‍ശം 
എന്റെ ഓര്‍മയിലെവിടെയോ 
മഞ്ഞിന്റെ പുഷ്പത്തെപ്പോലെ 
ഊഷ്മളതയോടെ പൊട്ടുന്നു. 
നിന്റെ ശരീരത്തിലെ ഇലകളില്‍ 
പക്ഷികള്‍ മുഖംനോക്കുന്നു. 
ജലത്തിന്റെ ദൂരക്കാഴ്ചയില്‍വച്ച് 
നീയെന്നെ വാക്കുകള്‍ക്കൊപ്പം 
പിരിയാനായൊരുങ്ങുന്നു.

ഞാന്‍ പിടിച്ചുവലിക്കുന്നത് 
ഋതുവിനെയോ കാലത്തെയോ അല്ല 
തിരിഞ്ഞുനടക്കുന്ന നിന്റെ 
ഉടുപ്പിന്റെ തുമ്പിലാണ്. 
മരച്ചില്ലകളില്‍ വേഴാമ്പലുകള്‍ 
നനവോടെ പൂത്തിറങ്ങുന്നുണ്ട്. 
നിന്റെ ശബ്ദം മറക്കാതിരിക്കാന്‍ 
ഞാന്‍ നദിയിലൊളിപ്പിച്ച വാക്കുകള്‍ 
വെള്ളാരങ്കല്ലുകളില്‍ നിന്നും 
ചുവന്ന മീനുകളായി 
നിശ്ശബ്ദം പുനര്‍ജനിക്കുന്നുണ്ട്.


Related Articles