എന്റെ വീടിനു പിന്നിലെ മാവ്
ഒരൊറ്റത്തടിവൃക്ഷം.
ഞാൻ ഒരൊറ്റത്തടിയാണെന്ന്
അത് തെറ്റിദ്ധരിച്ചോ ആവോ
പാല മാവിനോട് പറഞ്ഞു,
എന്നിൽ യക്ഷിയുണ്ടെന്ന്
'ആരു ചത്താലും
ഒരുപിടിച്ചാരമാവാൻ വേണ്ടുന്ന
എന്നോടു തന്നെ
നീ ഇതു പറയണം,'
മാവ് പറഞ്ഞു.
പാലയെ തൊട്ടുരുമ്മി നിൽക്കുന്ന
പന കണ്ട് ഞാനോർത്തു,
ഒരു തുള്ളി ഖസാക്ക്
എന്റെ വീട്ടിലും.
കാലം പോലെ
ഖസാക്കിലെ
കരിമ്പനകളിൽ മാത്രമല്ല
എന്റെ വീട്ടിലെ
കരിമ്പനയിലും
കാറ്റു പിടിക്കും.
വർഷത്തിൽ
ഒരു സിനിമ മാത്രമേ ചെയ്യു
എന്നു പറയുന്ന
സിനിമാക്കാരെപ്പോലെ
പന വളരെ സെലക്ടീവ്,
മാസത്തിൽ ഒരില മാത്രമേ വരൂ,
ആ ഇല എന്തിനെടുക്കുമെന്ന്
ചോദിച്ചപ്പോൾ
മുത്തച്ഛൻ പറഞ്ഞു,
പടക്കമുണ്ടാക്കാനെന്ന്.
വർഷത്തിലൊരു പടം,
അത് മറ്റുള്ളവരെ ഞെട്ടിക്കാനാണെന്ന്
പറഞ്ഞാലെന്നപോലെ
ഒരില അത് പടക്കത്തിന്,
ഞെട്ടിക്കാൻ തന്നെ.
കാറ്റൂതിയപ്പോൾ
തേക്കിലകൾ വിശറിയാട്ടി.
വലിയ കാതുകൾ പോലെയുള്ള
ഇലകൾ
എന്തോ അടക്കം പറയുന്നു.
കാറ്റൂതിയപ്പോൾ
കരിമ്പനകളും
തേക്കിലകളുടെ ചെവിയിൽ
എന്തോ പറയുന്നു
എനിക്ക് സിജെ തോമസിനെയും
റോസിയെയും ഓർമ വന്നു.
അതികായരുടെ പ്രണയം
ഇങ്ങനെയായിരിക്കുമോ?
മൈലാഞ്ചിയും മുല്ലവള്ളിയും
ഇടയ്ക്ക് വന്നു തലയാട്ടി.
'അതികായരുടെ പ്രണയത്തിനിടെ
നിങ്ങൾ ലജ്‌ജാവതികൾക്കെന്തു
സ്ഥാനം.'
ഷട്ടപ്പ് - ഞാൻ പറഞ്ഞു.
