തെണ്ടിയായിരുന്നപ്പോൾ
സ്വാതന്ത്ര്യം ഇഷ്ടം പോലെ.
നേരമോ
അഴിഞ്ഞു തീരാത്ത
കമ്പിച്ചുരുൾ
എന്നാലോ
യാത്രാക്കൂലിയില്ല
ഇഷ്ടവിഭവം
തിന്നാൻ തരമില്ല
ഉല്ലാസത്തിനു പോകുമ്പോൾ
പിരിവിടാൻ പണമില്ല
ഉദ്യോഗിയായപ്പോൾ
പണമിഷ്ടം പോലെ
ആദരവ് ഇഷ്ടംപോലെ
ഉല്ലാസം മാത്രമില്ല.
നേര് പറയാനും
കൂക്കി വിളിക്കാനും
തരമില്ല
നേരമോ
മുറുകിയ
കമ്പിച്ചുരുൾ
അതി പ്രശസ്തനായപ്പോൾ
കൂനിൻമേൽ കുരുപോലെ
തെറി വിളിക്കാനും
ചെറുപാപങ്ങൾ
തഞ്ചത്തിൽ ചെയ്യാനും
തരമില്ല
മഹാവ്യാധി വന്ന്
മരിച്ചു പോകുമോ എന്ന്
ഉൾക്കിടിലം
അങ്ങിനെയാണ്
ഗുരുവിനെ
പോയ് കണ്ടത്
അങ്ങോർ
കമ്പ്യൂട്ടർ കുണ്ഡലിനിവിദ്യ
അഭ്യസിക്കുകയായിരുന്നു
സങ്കടം കേട്ട്
സ്വിച്ച് ഓഫ് ചെയ്ത്
എഴുന്നേറ്റു വന്നു
അണുമാത്ര
ധ്യാനത്തിലാഴ്ന്നു
കണ്ണു തുറന്നു
"സദാ സന്തോഷമുള്ളവന്റെ
കുപ്പായം കിട്ടണം
വാ, നമുക്ക് പോയ് നോക്കാം'
ഗുരു ബുളളറ്റ് സ്റ്റാർട്ട് ചെയ്ത്
എന്നെ പിന്നിലിരുത്തി
കാട്ടിലേക്ക് പോയി
കുന്നിൻമുകളിൽ
ജടപിടിച്ച്
നഗ്‌നനായി
ഒരാൾ സന്തോഷത്തോടെ
പാടുന്നുണ്ടായിരുന്നു.
പാറക്കല്ലിൽ
ഗുരു വണ്ടി നിറുത്തി.
"നോക്കൂ
അവന് കുപ്പായമില്ലല്ലോ'
ശബ്ദം കേട്ട്
നിത്യാനന്ദൻ
അടുത്തുവന്നു
നിങ്ങൾ ചാനലുകാരാണോ
അതോ കുത്തകക്കമ്പനിക്കാരോ,
കുറെ പേർ
പരസ്യത്തിന് ഷൂട്ട് ചെയ്യാൻ
വന്നിരുന്നു
അവൻ കല്ലെടുത്ത്
എറിയാൻ തുടങ്ങി
ഞങ്ങൾ ബുള്ളറ്റിൽ
തിരിച്ചു പാഞ്ഞു
The poem follows the journey of life, highlighting the absurdity of societal norms, from carefree youth through periods of unemployment, the pressures of work, and the highs of wealth and fame, to the struggles of shrinking time and illness.
