വിദൂരനഗരത്തിൽനിന്ന്
എത്ര കാതങ്ങൾക്കുമപ്പുറമെങ്കിലും
സൗഖ്യമാണോ സഖീ നിൻഗ്രാമജീവിതം?
ഈ നഗരകാന്താരമത്രയുമസ്വസ്ഥ
വേളകളാണെനിക്കേകുന്നതോമനേ.
മൊഹുലുപൂത്തുണരുന്ന ഗന്ധമില്ലെങ്ങുമേ
കാടു പൂക്കുന്നതറിയുന്നുമില്ല ഞാൻ.
ശകടവേഗങ്ങൾതന്റെയലർച്ചകൾ,
പുക വമിക്കുന്ന സർപ്പമായ് പാതകൾ.
പുഞ്ചിരിക്കാനറയ്ക്കുന്ന പ്രതിമപോൽ
ആരുമാരോടുമൈക്യപ്പെടാതെയായ്.
ഹസ്തദാനത്തിനഭിമുഖം നിൽക്കുന്നൊ-
രൊറ്റ വാഗ്ദാനവും കാൺമതില്ല ഞാൻ.
ഇല്ല നിശ്ചയം നിന്റെയിച്ഛയ്ക്കുമേൽ
ജീവവായുവേകുന്ന മണ്ണല്ലിത്.
നീ വരേണ്ടതില്ലീ വഴി നാം പൂത്തു-
നിന്നിടാനുമീ പാഴ്മണ്ണ് പോന്നിടാ.
മമഹിതം പണയം വച്ചു തന്നെയാ-
ണെൻ ദിനങ്ങൾ കഴിക്കുന്നതിന്നു ഞാൻ.
ഇനി വരട്ടെ വസന്തവും കൊയ്ത്തു
മന്നരികിലെത്തി നിൻ കണ്ണാടിയായിടാം.
വറുതിച്ചിത്രം
കുഞ്ഞായിരിക്കവേ കട്ടിലിൽ വച്ചെന്നെ
യമ്മ പാടത്ത് പണിക്കു പോയി
അവശിഷ്ടമാകുവാറായൊരക്കട്ടിലിൻ
ധൂളീപ്രസരമായെന്റെ ഭോജ്യം.
പകലന്തിയോളം പണിയെടുത്തമ്മവ-
ന്നെന്നെയെടുക്കുവാനെത്ര വൈകും.
മൂക്കള ചാലു കീറിപ്പോം മുഖവുമായ്
വേപഥു പൂണ്ടൊരെൻ ജന്മശിഷ്ടം.
രണ്ടു നേത്രങ്ങളും പോരാതെ വന്നെനി
ക്കേങ്ങിക്കരയുവാനെന്നുമെന്നും,
ഒക്കത്തെടുക്കുവാനോടി വന്നാട്ടുവാ
നമ്മയെത്തുംവരെയാരുമില്ല.
മുറ്റും ദിവാകരനിലിന്നു ഞാൻ പാടത്ത്
തരുണനായല്ലോ പണിയെടുപ്പൂ
കിട്ടിയ കൂലിയാനുംകൊണ്ട് ഞാൻ കുറേ
പുസ്തകം വാങ്ങുന്നു, ശിഷ്ടമെല്ലാം,
മകരസംക്രാന്തിക്ക് പല വഴിക്കായങ്ങ്
ചെലവഴിച്ചപ്പൊഴേ കീശ കാലി.
വറുതിയായ്, വായിൽ മണ്ണാകാതിരിക്കുവാൻ
മണ്ണു ചുമന്നന്തി ചായുംവരെ
മാടത്തിലെത്തി ഞാൻ കഞ്ഞിവെള്ളം മോന്തി-
യിത്തിരി റാക്കും കുടിച്ചുതീർത്തു.
മമസഖിയപ്പോഴടുക്കളയിൽ വെറും
വെള്ളം തിളപ്പിക്കയായിരുന്നു.
ഇത്തിരി വറ്റതിലില്ലതിനവളുടെ
നെഞ്ചും തിളയ്ക്കുകയായിരുന്നു.
എന്തിനവൾ വെറും വെള്ളമതിങ്ങനെ
വെറുതെ തിളപ്പിച്ചെന്നാണ് ശങ്ക.
പശിയടക്കാൻ നാലു വറ്റു ചോദിക്കുന്ന
കുഞ്ഞിനെ നിർത്തുവാനേകമാർഗം
തിളനിലയ്ക്കടിയിൽ നാലരിമണിയുണ്ടെന്ന
വീൺവാക്കിലുണ്ണിയെ വീഴ്ത്തുകത്രേ.
കഞ്ഞിയില്ലാത്തൊരാക്കഞ്ഞിക്കലത്തിലേ
ക്കങ്ങനെ കണ്ണു നട്ടേറെയായാൽ
ക്ഷുത്തൊടുങ്ങാതെയുണ്ണി മയങ്ങിടും
അമ്മയ്ക്ക് തെല്ലൊരാശ്വാസമാകും.
വറ്റാത്ത സ്‌നേഹമാണമ്മയ്ക്കതെങ്കിലും
വറ്റിനു മുട്ടിയാലാരു കാണാൻ.
