പിംഗലകേശിനി

Poem

പിംഗലകേശിനി



ചെറിയ പട്ടണത്തിൽ
ചെമ്പിച്ച മുടിയുള്ള
ഒരുത്തി

ചന്ത അടച്ചിട്ടതിനാൽ
ഒരിടവഴിയിലൂടെ
വരവേ എന്നെ കാത്തുനില്ക്കുന്നു

അവൾ പറഞ്ഞു:
ഞാനുംകൂടി വരട്ടേ
പട്ടണവും
വീടുകളുമൊക്കെയടച്ചല്ലോ

നിന്റെ മുടി രസമുണ്ടല്ലോ
ചെമ്പൻ മുടിയാണല്ലോ
നീയും കൂടെ പോരൂ
ഞാനെൻ വീട്ടിൽ തനിയേയാണ്

വിഷാദം കനക്കുമ്പോൾ ഞാൻ പോകും
എന്നവൾ
വിഷാദം കനക്കാതിരുന്നാൽ മതിയല്ലോ
എന്ന് ഞാനും

ഞങ്ങൾ കാപ്പിപ്പൊടിമണമുള്ള
മദ്യം കഴിച്ചു.
ഭക്ഷണം കഴിച്ചു.
വെവ്വേറെ ഉറങ്ങി

ഇതാരാണ്
അയല്ക്കാർ എന്നോട് ചോദിച്ചു.
സുഹൃത്താണ്
ഉം.
അവർ മൂളി

ഞാനവളുടെ ചെമ്പൻ
മുടിയെക്കുറിച്ചൊരു
പാട്ട് എഴുതി:
അതു വായിച്ചുകേൾപ്പിച്ചപ്പോളാണ്
അവളുടെ കൃഷ്ണമണികളും
ചെമ്പിച്ചതാണെന്ന് എനിക്ക്
മനസ്സിലായത്.

പിറ്റേന്നു മുതൽ ഞാൻ കവിതയിൽ
നിന്നൊന്നു മാറ്റിപിടിച്ചു
തക്കാളി, കോളിഫ്‌ലവർ
എന്നിവ ഞങ്ങൾ നട്ടു.
വെള്ളക്കാന്താരി മുളകുകൾ
പറിച്ചുവച്ചു.

കൊടുങ്കാറ്റുകൾ വരും
കൊടുമഴകളും എന്നവൾ
നമ്മൾ സുരക്ഷിതരാണല്ലോ
ബലവത്തായ ഈ വീട്ടിൽ
എന്ന് ഞാനും

സായാഹ്നരശ്മികളും അല്പം ഇരുളും
കിളികളുടെ ശബ്ദങ്ങളും ചേർത്ത്
കൂട്ടിയെടുത്ത ഒരു കാപ്പി കുടിക്കവേ
അവളുടെ ചുരിദാറും
പിംഗല നിറമാണെന്നറിഞ്ഞ്
ഞാൻ ദൂരേക്കു നോക്കിയിരുന്നു.

അടുത്ത ദിവസം അവളെ കണ്ടില്ല.
എല്ലായിടത്തും നോക്കി

വിഷാദം കനക്കുമ്പോൾ ഞാൻ പോകും.
എന്നവൾ പറഞ്ഞത് ഓർത്തു.

A poignant poem that portrays a woman with copper-coloured hair through the eyes of the speaker, capturing the spark of a relationship about to bloom, only to be shadowed by her sudden disappearance, leaving behind traces of longing, beauty, and unfulfilled connection.


Related Articles