ഇണ

Poem

ഇണ


പ്രിയനേ,
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്നു പറയൂ

എന്റെ സങ്കടങ്ങളിൽ
നീ ലജ്ജിക്കേണ്ടി വരും.
വേർപാടിൽ ദു:ഖപരവശയായ
എന്റെ ജല്പനങ്ങളിൽ നിന്ന്
നീ രക്ഷപ്പെടുന്നതെങ്ങനെ?
എന്റെ കുറ്റാരോപണങ്ങളിൽനിന്ന്
പുറത്തു കടക്കുന്നതെങ്ങനെ?

പ്രിയനേ,
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്നു പറയൂ

എന്നെ ഉപേക്ഷിച്ചാൽ
നമ്മുടെ രഹസ്യങ്ങൾ
ഞാൻ കാറ്റിൽ പറത്തിവിടും.
നീ, പിന്നെ
അഭിമാനിയാകുന്നതെങ്ങനെ?

പ്രിയനേ
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്ന് പറയൂ

എന്നെ ഒഴിവാക്കിയാൽ
നിന്റെ കൈവശമുള്ള
എന്റെ ഹൃദയം
എവിടെയൊളിപ്പിക്കും?
അത് ഒളിപ്പിക്കാൻ
തുടങ്ങുമ്പോഴേക്കും
കള്ളനെന്ന് കണ്ടുപിടിക്കപ്പെടും

പ്രിയനേ,
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്ന് പറയുക

നീ എന്നെ ഒഴിച്ചുകളഞ്ഞാൽ,
ഒന്നിച്ചിരുന്ന ഇരിപ്പിടങ്ങൾ
ഒളിച്ചു കടത്തിയ സമയങ്ങൾ
രുചിച്ച ചേരുവകൾ
നടന്ന വഴികൾ
തുടിച്ച ജലാശയങ്ങൾ
ഇണചേർന്ന തല്പങ്ങൾ...
നിന്നെ ചതിയനെന്നു വിളിക്കും.

പ്രിയനേ,
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്നു പറയൂ.

വർഷങ്ങൾ എന്നെമാത്രം
കൊണ്ടുനടന്ന
നിന്റെ ശ്വാസത്തിന്
അത്ര ധൈര്യമുണ്ടോ?

പ്രിയനേ,
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്നു പറയുക.

നിനക്കതിനു കഴിയില്ലെന്ന്
നിന്റെ ഹൃദയം
നിലവിളിക്കുന്നില്ലേ?

ഇനി മേലിൽ നിനക്കെന്നോട്
ഒന്നും തോന്നില്ലെന്നോ?
നിലാവിൽ എടുത്തു
നടക്കണമെന്ന്
അണിയിച്ചൊരുക്കണമെന്ന്
പഴച്ചാറു ചേർത്ത മദ്യം
ഒരുമിച്ച് നുണയണമെന്ന്
നഗ്‌നമായ് ശയിക്കണമെന്ന്
കണ്ണിൽ നോക്കി
തിരയെണ്ണിയിരിക്കണമെന്ന്
തിരക്കിൽ കൈപിടിച്ച്
നടക്കണമെന്ന്

പ്രിയനേ
നീ എന്നെ വിട്ടുകളയുമോ?
ഇല്ലെന്നു പറഞ്ഞുകൂടേ?

ഇനി നമ്മൾ ഒന്നിച്ചല്ലെന്നോ?
നീ എന്നെ വിട്ടുകളഞ്ഞെന്നോ?
ഇല്ലെന്നു പറയുക.

മറ്റൊരു വഴിയുമില്ലെങ്കിൽ
വരിക,
നമുക്ക്
ചുംബിച്ചുകൊണ്ടാകാം
എല്ലാം മതിയാക്കാം
കൈ കുലുക്കി
സ്വതന്ത്രരാകാം.
വാഗ്ദാനങ്ങൾ റദ്ദാക്കാം.

എപ്പോഴെങ്കിലും കാണുന്നെങ്കിൽ
പഴയ പ്രേമത്തിന്റെ ശേഷിപ്പുകൾ
മുഖത്തോ ചിരിയിലോ വരരുത്.
ഒരു തുള്ളിപോലും
ബാക്കി വെക്കരുത്.

ആദിമ നിഷ്‌കളങ്കതയോടെ
പ്രണയത്തിന്റെ
ചരമശയ്യക്കരികിൽ
നമുക്ക് മുട്ടുകുത്താം.

അപ്പോൾ,
വേണമെങ്കിൽ
നിനക്കെന്നെ തിരിച്ചുവിളിക്കാം.

A soulful poem exploring the uncertainties of love, its fragile emotions, unspoken doubts, and the bittersweet journey of hearts caught between hope and despair.


Related Articles