മരിച്ചവർക്കുള്ള കുപ്പായങ്ങൾ

Poem

മരിച്ചവർക്കുള്ള കുപ്പായങ്ങൾ



ചിലർ ഒരു കണ്ണു തുറന്നിരുന്നു
ചിലർ രണ്ടുമടച്ചിരുന്നു
ചിലർ കണ്ണടച്ചേയില്ല.
ചിലരുടെ കാലുകൾ നിലം തൊട്ടില്ല
ഒന്നിനു നീളക്കുറവുണ്ടായിരുന്നു ചിലർക്ക്
ഹൃദയം കീറിമുറിച്ചതിന്റെ
തുന്നൽപ്പാടുള്ള നെഞ്ചുവിരിച്ചു
കാട്ടിയൊരാൾ
അപകടത്തിൽ ചതഞ്ഞ്
നീലിച്ചയുടലുമായി
മറ്റൊരാൾ!
ചിരിക്കാത്തവർ
പാതിച്ചിരിയുള്ളവർ
മുഴുക്കെച്ചിരിച്ചവർ.
കറുത്ത വസ്ത്രങ്ങളണിഞ്ഞ്
കൈ മാറോടു ചേർത്ത്
ഒടുവിലത്തെ സംഘഗാനം
പാടുംപോലെ ചിലർ.
തൊങ്ങലുള്ള വെള്ളക്കുപ്പായമിട്ടവൾ
സുന്ദരിയായിരുന്നു
അനാവൃതമായ കാലുകൾ
മോഹിനിയാക്കിയവൾ
റാമ്പിൽ നടക്കുംപോലെ തോന്നിച്ചു
ജീവിതത്തിലൊരു പക്ഷേ
ഒരിക്കലുമറിഞ്ഞിട്ടില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ കാറ്റേറ്റ് അവളൊരു
ലില്ലിപ്പൂപോലെ വിടർന്നു.

ചുവപ്പുടുത്തവൻ
നർത്തകന്റെയോ
ആകാശസഞ്ചാരിയുടെയോ
ലാഘവത്തോടെ.
കഴുത്തിനു ചുറ്റും
ചിറകുവെച്ചയുടുപ്പിട്ടവന്റെ മുഖം
ഒരു ബുദ്ധഭിക്ഷുവിനെപ്പോലെ
പ്രശാന്തസുന്ദരമായിരുന്നു.
ആരും വസ്ത്രങ്ങളെക്കുറിച്ച്
പരാതിപറഞ്ഞില്ല
അസൂയയോടെ പരസ്പരം നോക്കിയില്ല
കൊതിതികട്ടി ഛർദ്ദിച്ചില്ല
ചേർച്ചയില്ലായ്മകൾ തർക്കവിഷയമായില്ല.
അതിനാൽ ജീവിച്ചിരുന്ന-
പ്പോഴേതിനേക്കാൾ സ്‌നേഹത്തിൽ
വസ്ത്രങ്ങളവരെ പൊതിഞ്ഞുപിടിച്ചു.
കാണികൾ
മരണത്തെക്കുറിച്ചും
വസ്ത്രങ്ങളെക്കുറിച്ചും
കവിതയെഴുതി.

*2016-17 കൊച്ചി ബിനാലെയിൽ മൃതദേഹങ്ങളെ ഫാഷൻ വസ്ത്രങ്ങൾ ഉടുപ്പിച്ചുകൊണ്ടുള്ള AES+F ന്റെ ഡിഫൈൽ ഫോട്ടോ പ്രദർശനത്തിൽനിന്ന് പ്രചോദനം.


Related Articles