തലേന്നു രാത്രി കേട്ട
ആ വെടിയൊച്ച
പിറ്റേന്നത്തെ വിശപ്പിന്
എരിവും പുളിയുമുള്ള
കാട്ടിറച്ചിയായി.
ഒരു തുണ്ട് മാംസം
ചവച്ചരച്ചപ്പോൾ
നാവിൽ കാട് രുചിച്ചു.
വലം കയ്യിൽ
പേരറിയാ കാട്ടുവള്ളികൾ
പാമ്പിനെ പോൽ ചുറ്റിപ്പിണഞ്ഞു.
തൊണ്ടക്കുഴിയിലൂടെ
കുളിരിട്ട് പാഞ്ഞു
ഒരു നീരുറവ.
ആമാശയത്തിൽ
നൃത്തം ചെയ്തു
വെള്ളച്ചാട്ടങ്ങൾ.
നെഞ്ചു പിളർത്തി
പുറത്തേക്ക് ചാടുമോ
പല ശബ്ദങ്ങളെന്ന്
പേടിച്ചുപോയി ഞാൻ.
കാണെ, കാണെ,
തീന്മേശ കാടായി മാറി.
അവയ്ക്കിടയിൽ
നിരയൊത്ത് ഗമിച്ചു
നിലവിളിച്ച് മൃഗങ്ങൾ.
ചിറകടിച്ചു
പച്ച കൊഴിച്ചിട്ട്
പല ജാതി പറവകൾ.
വായിലെ മുയലിറച്ചി തുപ്പി
വനത്തിലേക്കോടി ഞാൻ.
അപ്പോൾ,
തലേന്നു കേട്ട
ആ വെടിയൊച്ച
വീണ്ടും പ്രകമ്പനം കൊണ്ടു
കാതിൽ.
This poem by Abdulla Perambra captures the enchanting beauty of the forest in vivid detail by exploring the theme of hunting.
