പുഴറോഡ്‌

Poem

പുഴറോഡ്‌


പുഴ റോഡിന്റെ അരികിലായി
വിരിഞ്ഞ പൂക്കളെ കണ്ടിട്ടാണ്
കുട്ടിക്കൊരു പാട്ടുണ്ടാക്കിയത്,
കുഞ്ഞേ പൂക്കളെപോലെ നീയുറങ്ങെന്ന്.
അണ്ണാറക്കണ്ണനും മാങ്ങപ്പഴം
അച്ചുന്റെ വീട്ടില് വാഴപ്പഴം
കണ്ണന്റെ വായില് ആലിപ്പഴം
ആന പറിച്ചതോ ചക്കപ്പഴം...
തേങ്ങ പൊളിച്ചപ്പം മൂത്തപ്പഴം
വീണു പൊടിഞ്ഞത് കണ്ണപ്പഴം
ആശാരി കൊത്തിയ തേക്കുമരം
തേനുണ്ടുകുത്തിയ വരിക്കപ്ലാവ്.

കുഞ്ഞുറങ്ങി.

പകലിനെ തുറന്നു വിടുന്ന
സൂര്യന്റെ പൂമ്പാറ്റകൾ
പാതിരാവിന്റെ ചിറകഴിച്ച്
കാടും മലയും പുഴയും കവച്ച് കടന്നപ്പോൾ
വെയിലുകളുടെ രണ്ടു വേഷങ്ങൾ തട്ടി
എന്റെ കണ്ണുകളിലെ കറുത്ത മഞ്ചാടിയിൽ
പച്ചച്ചിറകുകൾ മുളപ്പിച്ചിരുന്നു.
പുഴറോഡിന്റെ ഇരുവശങ്ങളിലായുള്ള
അതിർവേലിയിൽ പറ്റിയ ഒരു ഓന്ത്
മഴവില്ലിനെ പഠിക്കുമ്പോൾ
അരൊക്കെയോ നടന്നുപോയ
പുഴറോഡിൽ അവളിടുന്ന ചെരുപ്പിന്റെ
അടയാളം നോക്കുകയായിരുന്നു.

വള്ളി ചെരുപ്പ്, കെട്ടുച്ചെരുപ്പ്
മൊട്ടുച്ചെരുപ്പ് പാതിപൊട്ടിയ ഷൂസ്
കമ്പനി പേരില്ലാത്ത ചെരുപ്പുകൾ
ഇതിലേതായിരിക്കും?
സംശയമില്ല
നൂറ്റൻപതു രൂപയുടെ ഹവായ്.


Related Articles