പുസ്തകം

Poem

പുസ്തകം



പുസ്തകം തൊട്ടപ്പോൾ
ഞാൻ നിന്നെ തൊട്ടു
ഓരോ ഏടിലും നീയുണ്ടായിരുന്നു
ഞാനെന്റെ വിശപ്പു മറന്നു

വായനശാല
എനിക്കു യാനപാത്രം
കേട്ടൂ അക്കരകളിൽനിന്ന്
വസന്തത്തിന്റെ വിളംബരം

ഓരോ ജനനത്തിലും ഉണ്ട്
ഒരു വായനശാല
ഓരോ മരണത്തിലും അത്
സാന്ത്വനത്തിന്റെ കുചേലവഞ്ചി.
വഞ്ചിയിൽ
ദസ്തയേവ്‌സ്‌കി, വാല്മീകി
കാരമസോവ് സഹോദരന്മാർ
ലവകുശന്മാർ.

കിഴക്കുനിന്ന് പടിഞ്ഞാട്ടേയ്ക്ക്
പടിഞ്ഞാറുനിന്ന് കിഴക്കോട്ടേയ്ക്ക്
ഒരു കുരിശുപിളർന്ന്
വെളുത്ത പ്രാവുകൾ പറക്കുന്നു.

ഈ വായനശാല:
തുടങ്ങുന്നൂ ഇവിടെ
എന്റെ ഒന്നാംമൈൽ.
ആ മൈൽക്കുറ്റിയിൽ ചാരിനിന്ന്
എന്റെ സന്ധ്യകൾ
വാനമ്പാടികളായി
എന്റെ നിഴലളന്ന്
ഒരു കൂറ്റൻ മേഘം സഞ്ചരിച്ചു.
ആ മേഘത്തിന്റെ പുറത്തിരുന്ന്
നക്ഷത്രങ്ങളെയ്ത് ഞാൻ കളിച്ചു.

മാനത്തു കളിച്ചാലും
സമ്മാനം കിട്ടാൻ താഴെ വരണം
ഞാൻ കൈനീട്ടിയിറങ്ങിയത്
എന്റെ വായനശാലാമുറ്റത്ത്.

A reflective meditation on the intimate, transformative relationship between the reader and the world of books, where libraries become vessels of imagination, memory, and transcendence across life’s journeys.


Related Articles