മറഞ്ഞിരിക്കാതെ, മറന്നിരിക്കാതെ
മറപൊരുൾ തേടിത്തളർന്നിരിക്കാതെ
മധുരസ്വപ്നങ്ങൾ തകർന്നുവീഴാതെ
മണിവിപഞ്ചികാരവമുയരട്ടെ
തനിമ തേടുന്ന പകലിൻ വേനലിൽ
തനിച്ചിരിക്കുന്ന മനഃസംത്രാസത്തിൽ
തകർന്ന തംബുരു മടിയിൽച്ചേർത്തിനി
ശ്രുതിയുയർത്തുക, സ്വരങ്ങൾ പാടുക
ഗതകാലത്തിൻ്റെ കദനചിത്രങ്ങൾ
പരസ്‌പരം നമ്മളറിഞ്ഞ സത്യങ്ങൾ
പടപ്പുറപ്പാടിൻ നിഗൂഢതേങ്ങലായ്
പകർന്നിടട്ടെയീ രണാങ്കണങ്ങളിൽ
സുഖസമൃദ്ധിതൻ ഹരിതഭൂമിയിൽ
കരിഞ്ഞപാടത്തിൻ തിരുശേഷിപ്പുകൾ
തകർന്നടിയുന്ന മനസ്സിൻ നോവുകൾ
കനിവിന്റെ സ്വച്ഛ പ്രവാഹമാകട്ടെ
