ഒരു വയസ്സുള്ള കൈക്കുഞ്ഞ്.
ദാഹിച്ച് വാവിട്ട് നിലവിളിക്കുന്നു.
ചുരക്കപ്പെടുമ്പോള്‍ കൊതിയോടെ വലിച്ചെടുക്കുന്നു.
വിശപ്പൊടുങ്ങവേ നിലാവുപോലെ പുഞ്ചിരിക്കുന്നു.
രണ്ട് വയസ്സില്‍ മുട്ടിലിഴയുന്ന പൈതല്‍.
ലോകം ഒരത്ഭുതഗോളം.
കയ്യിലെത്തുന്നതെന്തും വായിലേക്കിടാനൊരുക്കം.
കളിക്കോപ്പും വിഷക്കോപ്പും ഒരുപോലെ കൗതുകം.
മൂന്ന് വയസ്സുള്ള കുസൃതിക്കാന്താരി.
ചുവരിന്റെ കാന്‍വാസിലേക്ക്
ചായക്കൂട്ട് വാരിവിതറുന്നു.
ചുറ്റും മഴവില്ലിന്റ ആകാശഗോപുരങ്ങള്‍.
വ്യാകരണത്തിന് കാക്കാതെ
തോന്നിയതെല്ലാം വിളിച്ചുകൂവുന്ന
നാലുവയസ്സിലെ ചിരി.
കൊതിച്ചതെല്ലാം നിനച്ചും
നിനച്ചതെല്ലാെം നിറവുമാവണമെന്ന
വാശി പൂക്കുന്ന പതിനെട്ടിന്റെ നിലാവെട്ടം.
പാതി കണ്ട് തിരിച്ചിറങ്ങി,
ഒരുമിച്ച് പൂരിപ്പിക്കുന്ന സിനിമാക്കഥകള്‍.
ഓര്‍ക്കിടുകളെ വിട്ട്,
മുക്കൂറ്റി സൗന്ദര്യത്തിലേക്കുള്ള തിരിച്ചുപോക്കുകള്‍.
വേഗത കുറച്ച ബൈക്ക് റൈഡുകള്‍,
പുതുവഴി തേടുന്ന വിനോദയാത്രകള്‍.
ഒരുമിച്ചുള്ള അടുക്കളപ്പാകങ്ങള്‍,
നാട്ടുവഴക്കത്തിന്റെ ആനന്ദതാളങ്ങള്‍.
കുടുംബത്തിന്റെ തിരുപ്പിറവികള്‍,
ആശാസ്യമായ നിറവുകളുടെ യൗവനം.
നിറഞ്ഞ നരത്തലയില്‍ കാച്ചെണ്ണച്ചൂര്,
കല്‍പ്പടവിലിരുന്ന് മഴ കാണുന്ന പുതിയ ബാല്യം.
ഇഞ്ചയും താളിയും തേച്ച് കുളപ്പടവിലെ കുളിക്കൊതി.
കനം തോര്‍ന്ന മുടിയിടുക്കില്‍ രാസ്നാദി.
ഉപ്പിട്ട ചൂടുകഞ്ഞിക്കരികില്‍ തൊടിയിലെ അച്ചിങ്ങാത്തോരന്‍.
ഒരു തുലാവര്‍ഷരാത്രിയില്‍
രണ്ട് ദേഹികള്‍ ഒരുമിച്ച് കാല്‍വെക്കുന്നു.
ഭൂമിയിലെ പ്രണയനിര്‍വാണത്തിലേക്ക്.
