കുട്ടികൾ ആകാശത്താകെച്ചിതറിയ
നക്ഷത്രക്കൂട്ടങ്ങളെണ്ണിക്കളിക്കവേ
ഒറ്റ നക്ഷത്രത്തെനോക്കി നിൽക്കുന്നൊരു
കുട്ടി, മണൽ മുറ്റം, വെള്ളയും നീലയും
പൂക്കൾ നിറഞ്ഞൊരു ശംഖുപുഷ്പച്ചെടി
കേറിപ്പോകുന്നു പുരയുടെ കോണിലായ്
അമ്മമാർ ശംഖുപുഷ്പത്തെക്കുറിച്ചെന്തോ
പയ്യെപറഞ്ഞു ചിരിക്കുന്ന, വരുടെ
നോട്ടം തിരിയുന്നുക്ലോക്കിലേക്കായ് മണി
ഏഴായി, കുട്ടികൾ തങ്ങളിൽ മത്സരം
ഞാനാണ് കൂടുതലെണ്ണിയതെന്നൊരു
വാശി മുഴുക്കെ പുതിയ നക്ഷത്രങ്ങൾ
വീണ്ടുമവരുടെ കണ്ണിൽ പെടുന്നുണ്ട്
എണ്ണിത്തിട്ടപ്പെടുത്തീടുവാനാവാത്ത
സങ്കടമുണ്ടാ ചെറിയ മുഖങ്ങളിൽ
ഒറ്റനക്ഷത്രത്തെനോക്കിയ കുട്ടിക്ക്
നില്പുമടുത്തവളമ്മതൻദേഹത്തു
കെട്ടിപ്പിടിച്ചിട്ടു ചൊന്നു: നക്ഷത്രങ്ങ-
ളെത്രയോ വാനിലൊരെണ്ണത്തെയെണ്ണുവാൻ
ഇപ്പോൾ പഠിച്ചു ഞാനമ്മേ, യീചേച്ചിമാ -
രെത്രയെണ്ണിക്കൂട്ടിയെണ്ണലുതീർന്നില്ല
അമ്മയുംചേട്ടത്തിയമ്മയുമെണ്ണാതെ
എന്തിനാ ദൂരെവഴിയിലേക്കും നോക്കി
നില്ക്കുന്നതിങ്ങനെ കാറിപ്പൊഴെത്തുമേ
S. Joseph's poem Prakasam portrays a child gaze at a single star amid a playful counting of the sky, discovering wonder and limitation.
