പൊത്തിൽനിന്നുമൊളിഞ്ഞുനോക്കുന്നു
മുമ്പു കൈനീട്ടിയെത്തിപ്പിടിക്കുവാ-
നാഞ്ഞ ചില്ലകളിപ്പോഴില്ല
അവയിൽ വെറുതെയിരുന്നു മടുത്ത
പക്ഷിപ്പാട്ടില്ല
പണ്ടൊരിക്കൽ കൊണ്ടമഴയുടെ
പശിമയില്ല.
പൊത്തിൽനിന്നുമൊളിഞ്ഞുനോക്കുന്നു
തടിപ്പരപ്പിൽ പറ്റിപ്പിടിച്ച വെയിൽപ്പാടയില്ല
ഏതോ ഉച്ചയിൽ ഏകാന്തത മറന്നുവെച്ച
ചുള്ളിക്കമ്പില്ല
ഉണങ്ങാൻ വെച്ച ആനിക്കുരുവില്ല.
ഒളിവിൽ പാർത്തൊരു പ്രേതക്കനവ്
പകലുറങ്ങിയ നിഴലിടുക്കില്ല
ആകാശം കുരുങ്ങിക്കിടന്ന മരത്തിന്റെ
ആത്മനിൽ പെയ്ത മേഘങ്ങളില്ല,
ആരോ ഉപേക്ഷിച്ചുപോയൊരു പ്രാണൻ
വെറുതെ പിടച്ച നിമിഷാർധമില്ല.
പൊത്തിൽനിന്നുമൊളിഞ്ഞുനോക്കുന്നു
പൊത്തിപ്പിടിക്കുമാകാശജ്വാലയെ
എത്തിപ്പിടിക്കുമൊടുങ്ങാത്ത ദൂരത്തെ.
Bijoy Chandran’s poem meditates on absence and longing, portraying a world of elusive moments, hidden visions, and the persistent reach toward what remains just beyond grasp.
