പോലീസ് സ്റ്റേഷൻ ചുമരിലെ പല്ലി 

Poem

പോലീസ് സ്റ്റേഷൻ ചുമരിലെ പല്ലി 


ദിനോസറുകളുടെ ജീവിതഭാരം 
വിരൽനീളത്തിൽ ചുമന്ന്
ആ പോലീസ് സ്റ്റേഷൻ
ചുവരു താങ്ങുകയാണ് പല്ലി. 

കുരുക്കില്ലാത്ത കേസിലൊന്ന് 
മുറുക്കുന്ന തിരക്കിൽ
നാക്കിൻ്റെ ഒരറ്റം പാനിന് 
തൊട്ടുനക്കാൻ കൊടുത്ത് 
ചുവരിന് കീഴിൽ
നൂലുകെട്ടുക്രിയയിൽ 
പതിവുപോലെ 
ഏമാൻ പോലീസുകാരന് 
രസം പിടിച്ചു. 

കമ്പിമറക്കിടയിൽ നിന്ന് 
കടവാവൽ, കുറ്റാരോപിതരിൽ 
ഒരാളുടെ ചോര കുടിക്കുന്നു. 

 ഊരിവെച്ച തൊപ്പിക്കുള്ളിൽ
എണ്ണപ്പെടാത്ത കടലാസ് പൂപ്പിൽ 
ഗാന്ധിജിക്ക് ശ്വാസം മുട്ടുന്നത് കണ്ട് 
ആശ്ചര്യത്തിൽ
വാപൊത്താൻ കൈവിട്ട പല്ലി 
നിലവിട്ട് താഴെ വീഴുന്നു. 


Related Articles