കഴു(വി)ത

Poem

കഴു(വി)ത



എന്റെ ഉള്ളിൽക്കിടന്ന്
നിരാശയും ദുഃഖവും
പ്രണയവും പരിഭവവും
ആശങ്കയും അസൂയയും
ആകുലതയും വിവരക്കേടും
സന്തോഷവും കഷ്ടപ്പാടും
കുടിച്ചും തിന്നും
എന്റെ കവിതയിപ്പോളൊരു
കഴുതയായി.
മറ്റൊന്നും കേൾക്കാതെ, കാണാതെ
ഒരിടത്തും ഒറ്റയ്ക്ക് പോകാനറിയാതെ
ഒന്നും മനസ്സിലാവാതെ
കഴുതയായെന്നറിയാതെ
പണ്ടൊരു കവിതയായിരുന്നുവെന്നുമറിയാതെ.

ജനമദ്ധ്യത്തിലേക്ക്
ഒരക്ഷരത്തിന്റെ വ്യത്യാസത്തിലേക്ക്
ഞാനതിനെ
പറഞ്ഞയയ്ക്കുകയാണ്.
അറിയാതെയെങ്കിലും
ആരെങ്കിലും കവിതയെന്നു വായിച്ചാലതായില്ലേ?
ഒരക്ഷരം!
ഒരക്ഷരം മാറ്റിയാൽ
എന്തത്ഭുതകരമായ വ്യത്യാസം

A once-pure poem, burdened by the poet’s tangled emotions, stumbles into the world as a clueless “donkey,” revealing how a single changed letter can transform meaning entirely.


Related Articles