ആറാം പാഠം കീറിയെറിഞ്ഞ്
സാറമ്മാരെ തെറിയും വിളിച്ച്
മഷിയും കുടഞ്ഞ്
പശയും തേച്ച്
കാശുണ്ടായപ്പോൾ പാടെ മറന്നു
ലവിടുത്തെ ലങ്ങേര്.
ആഢ്യന്മാരുടെ ക്ലബ്ബിൽ കൂടി
ശാഠ്യച്ചെക്കിൽ വിരലൊപ്പിട്ട്
പാസ്സില്ലാതെയകത്തു കടന്ന്
ഗ്ലാസ്സുനിറച്ചുമൊഴിച്ചുകൊടുത്ത്
നാണക്കേടിൻ നായെക്കൊന്ന്
ലവിടുത്തെ ലങ്ങേര്.
സ്‌കൂൾത്തൈനട്ടുപെരുംസ്‌കൂളാക്കി
കാലിത്തൊഴുത്ത് പ്ലേസ്‌കൂളാക്കി
കോടതിമുറിയിൽ കോടിയെറിഞ്ഞ്ഷോ
ടതി കിട്ടിയപോലെ ഞെളിഞ്ഞ്
പാങ്ങായപ്പോൾ കൂടപ്പിറപ്പിൻ
തേങ്ങിക്കരച്ചിലുകൂടെ വെടിഞ്ഞ്
ലവിടുത്തെ ലങ്ങേര്.
സിനിമാനടിയെ നോട്ടിട്ടുപിടിച്ച്
പനിമാറാനായ് കൂടെ നടിച്ച്
പത്മശ്രീയുടെ കഴുതപ്പുറത്ത്
കുട്ടിത്തേവാങ്കായിയിരിക്കാൻ
കാണേണ്ടവരെ കാണാൻപോയി
ലവിടുത്തെ ലങ്ങേര്.
കുടിവെള്ളത്തിനു വീടും കാടും
കുടിലും മേടും കേഴുന്നേരം
മലവെള്ളത്തെകുപ്പിയിലാക്കി
ചന്തയിലെത്തിച്ചർമ്മാദിച്ച്
കരയുന്നോരുടെ കീശകൾ കീറി
പണമുണ്ടാക്കീട്ടാനയെ വാങ്ങി
കാറും ബസ്സും ലോറീം വാങ്ങി
ലവിടുത്തെ ലങ്ങേര്.
യുദ്ധത്തിന്റെ മണം വന്നെന്ന്
ചാനൽക്കുഞ്ഞ് ചിലച്ചപ്പോഴേ
ഉപ്പും മുളകും കൊത്തമ്പാലും
പച്ചരിക്കുച്ചരി ചാക്കിൽക്കെട്ടി
മദ്യക്കുപ്പികൾ കാവലിരിക്കും
മണ്ണറയിൽ കൊണ്ടട്ടിചമച്ച്
ഇല്ലാവിലയുടെ മൂർഖൻ മൂപ്പനെ
വിപണിയിലാകെയൊരുക്കിയിറക്കീ
ലവിടുത്തെ ലങ്ങേര്.
കായൽനികത്തി, ടൂറിസ്റ്റുകളുടെ
നാഭി തിരുമ്മാൻ പുരയുണ്ടാക്കി
ആയുർവേദം, കളരി, പ്രകൃതി
ആയുസ്സിന്നു പ്രലോഭനമേറ്റി
കഞ്ഞിക്കാടിയിൽ മധുരംചേർത്ത്
കേരളലസ്സി പേറ്റന്റാക്കി
മണലുകടത്തി
ഇരുതലമൂരിയെ കടലുകടത്തി
കപ്പലുവാങ്ങി വിമാനം വാങ്ങി
ലവിടുത്തെ ലങ്ങേര്.
സ്വർണ്ണപ്രശ്‌നം വച്ചുകഴിഞ്ഞാൽ
അന്തിത്തിരിയനെ ആടക്കളഞ്ഞ്
തന്ത്രിയെവച്ച് മന്ത്രമുരപ്പി-
ച്ചഞ്ചും പത്തും ലക്ഷാർച്ചനയുടെ
കുറ്റിയടിച്ചു പിരിച്ചു ജയിച്ച്
കൊമ്പനെയൊന്നു നടക്കലിരുത്തീ
ലവിടുത്തെ ലങ്ങേര്.
ലവിടുത്തെ ലങ്ങേർക്കില്ലാ മരണം
ലവിടെയുമെവിടെയുമവരുടെ ഭരണം
ലങ്ങനെലിങ്ങനെലതുപോലിതുപോൽ
ലക്ഷണമൊത്ത വിരൂപാഭരണം
ലവിടുത്തെ ലങ്ങേര്
ലവിടുത്തെ ലങ്ങേര്.
Kureepuzha Sreekumar’s poem exposes the hollow pretensions of a man intoxicated by newly acquired wealth, flaunting luxury while losing his humanity. With biting irony and vivid imagery, it unmasks the glittering facade that hides moral emptiness.
