പച്ചക്കുതിര

Poem

പച്ചക്കുതിര



ഴ്‌സറിയിൽ എന്റെ കുതിര
എന്റേതു മാത്രമായിരുന്നു.

പച്ചയിൽ പാവപ്പെട്ട ഏതോ മഞ്ഞ
അലിഞ്ഞുപോയതുപോലുള്ള
ഒരു നിറമായിരുന്നു അവന്.

റെഡ് ഓക്‌സൈഡ് മെഴുകിയ
നഴ്‌സറിയുടെ ഹാളിൽ
ഞാൻ അവന്റെ പുറത്തു കയറി
പോകാത്ത ഇടങ്ങളില്ല.

കണ്ണുമിഴിച്ച പേട്ടുപിള്ളേർ
ബെഞ്ചിനടിയിൽ കയറും
എന്റെ ഇളമ്പച്ചക്കുതിരയുടെ
കുളമ്പടി കേട്ടാൽ.

ചിലപ്പോൾ ഇവന്റെ വരവിൽ
സ്ലേറ്റുകളും വെള്ളക്കുപ്പികളും
ഉടഞ്ഞു.
പാവം ടീച്ചർ പോലും പേടിച്ചുവിറച്ചു

ഒരു വലിയ യുദ്ധമുഖത്തായിരുന്നു ഞാൻ.
ഇടയ്ക്കിടെ നാടിനെ വിറപ്പിച്ച്
അവൻ മുക്രയിട്ടലറി..
കുതിരക്കരച്ചിൽ തന്ന വാശിപ്പുറത്ത്
ഞാൻ കുതിച്ചു പാഞ്ഞു.

കടിഞ്ഞാൺ പിടിച്ച്
അന്നേ കൈവെള്ള ചുവന്നു.
വൈകിട്ട് അമ്മ വന്ന്
ടിപ്പു സുൽത്താനെ
എളിയിൽ വെച്ച്
വീട്ടിലേക്ക് കൊണ്ടുപോകും.

പകൽ മുഴുവനും ഓടിത്തളർന്ന
എന്റെ പച്ചക്കുതിര
മുറിയുടെ മൂലയിൽ നിന്ന്
എന്നെ നോക്കും.

അവന്റെ പുറത്തിരുന്ന്
വീട്ടിലേക്ക് പോകാൻ പറ്റാത്ത
സങ്കടത്തിലായിരുന്നു ഞാൻ.

വൈകുന്നേരം
വെയിലിന്റെ പാട പുതച്ച്
വഴി പനിച്ചു കിടന്നു.

ഉയർന്നുനിന്ന പുൽക്കൊടികൾക്കിടയിൽ
നിന്നും
പെട്ടെന്ന് ചാടിവന്ന ഒരു പച്ചക്കുതിര
എന്റെ നേരെ കൈ നീട്ടി.

നിറകണ്ണിലെ പനിഗോളത്തിൽ
അന്നാണ്
എന്റെ ഭൂമി
ആദ്യമായ് പച്ചപിടിച്ചത്.

Explore Bijoy Chandran's poem - a tender journey from the red floors of a nursery to the green fields of an awakening inner world. A child’s green toy horse becomes a symbol of boundless freedom and the first stirrings of a poetic soul. Through vivid memories of play, fantasy, and fading daylight, the poem reflects the swiftness of passing time.


Related Articles