പൂട്ടഴിഞ്ഞനേരത്തെ കടൽ-ക്കാടു-പുഴകൾ

Poem

പൂട്ടഴിഞ്ഞനേരത്തെ കടൽ-ക്കാടു-പുഴകൾ



അവളാരാണെന്നോ ആവോ..!
ആഴിമേലൂഴിമേൽ
തുഴഞ്ഞു തുഴഞ്ഞൊരു പെണ്ണാൾ...
മഴയണി മേഘത്തിൻ
മുലക്കച്ച ചേർത്തവൾ
അവൾ ചിരിച്ചു;
തിരയുതിരും പോൽ
പുഴ നുരയിൽ ശ്രുതി വച്ച്
അവളരുളി...
''മെല്ലെ... ഇനി മെല്ലയേ ഉണരൂ...
മനുഷ്യരെല്ലാം
ഉടൽപൂട്ടിൻ താരാട്ടിലല്ലോ.''

തുള്ളിപ്പിടഞ്ഞോ?
അഴിഞ്ഞഴിഞ്ഞിവൾ,
ഇക്കടലാൾ?
നോക്കൂ
ആർത്തുരുണ്ടും കൊണ്ട്,
ഇപ്പോഴീ ഉന്മാദനേരത്ത്,
ഒരു തളിർത്തിരയെ
പെറ്റുഴിഞ്ഞ് വയ്ക്കുന്നു...

എന്നോ ആവിച്ചൊടുങ്ങിയ,
അത്യഗാധമാം ഏകാന്തതയെ,
കനപ്പെട്ട നീലയെ
ഒന്നൂടെ,
അതേപടർപ്പിൽ, അതേ നിലാവിൽ
അത്രയെണ്ണം കയങ്ങളാൽ വാരിവാരി
മുത്തണമെന്നായ്
എത്ര കാലമായാറാത്ത
വേവിൻഅലനീറലെന്നോ?!
ആവൂ!
ഇപ്പൊഴീ ഉന്മാദനേരത്ത്
പേറൊഴിഞ്ഞ നീർപളളതൻ സുഖം...

തീരത്ത്,
മണലും ഇലയും കൂടി
ചാറിയോടും ഇരവുനേരം...
മുത്തുകളുടെ ചിണുക്ക കൈ തൂങ്ങി
പിച്ച വച്ച്
പിന്നെ വേച്ച് വേച്ച്,
കുഞ്ഞു തിര എത്തിനോക്കുമ്പോൾ
അതിലത്യാഹ്ലാദിച്ച്,
'എന്നെ പ്രണയിയ്ക്കൂ'
'മടിയിൽ വയ്ക്കൂ'
'ചുംബിച്ചുണർത്തൂ'
എന്നെല്ലാം
നിരന്തരം ഇവൾ,
ഇക്കടലാൾ,
അലമിഴിയാൾ,
മേഘങ്ങളെ,
മുഴുനിലാവിനെ
താരകളെ നോക്കിയിരമ്പുമല്ലോ...

ഇരമ്പിയൂതി
ചൂളമിട്ടുലഞ്ഞുലഞ്ഞവൾ മയങ്ങവെ
കിനിയും മേഘത്തിലൂടിറങ്ങി,
നിശാനീലവാനം
ആ നീർച്ചേലയുടയാതെ,
ഞൊറിയിളകാതെ
കുനിഞ്ഞൊരുമ്മയായ്
പടർന്ന് പടരുന്ന യാമം

കുമിയും തൂമൗനത്തെ
ചന്തമായ് ചമച്ച്
മൂളിപ്പാടി,
ഈ കാട്ടുപെണ്ണാളിൻ
തിരക്കിട്ട അടിച്ചുതളി...
പുറമേ കാണില്ല
അകായ് നിറഞ്ഞ്
വർഷങ്ങളുടെ
അലമ്പുകളാണ്...

ഇനിയൊരു കാറ്റിൽ
പേടിച്ചൊളിഞ്ഞ കരിയിലകളെ
തിരികെ വിളിച്ച്
നെഞ്ഞീർപ്പത്തിലാകെ
പരത്തിവയ്ക്കണം...
വേരടുക്കിലെ വെട്ടുപാടിൽ
ഏറെ നനഞ്ഞതാം
ഇലക്കച്ച ചുറ്റേണം...
അനേക വർഷങ്ങളുടെ അലമ്പുകളാണ്...
ഒക്കെക്കഴിഞ്ഞ്
ഹാ! എന്നൊരു സ്വസ്ഥവീർപ്പാലവൾ
കുളിർക്കനെയൊന്നുലയുമ്പോൾ,
ഏറെ വെടിപ്പാർന്ന പുലരികൾ
ഒളിച്ചൊളിച്ച്
ഇളങ്കറുകവകഞ്ഞ്
കാട്ടകിടിൽ
പാൽച്ചൂടുതേയ്ക്കും...

ഹൊ!
മേച്ചിൽപ്പുറങ്ങളിൽ
ഇണക്കൂട്ടവാഴ്ച്ച...
മുരൾച്ച...
കനപ്പച്ചയിൽ നീളെ,
ഉരയും
കൊമ്പുകൾ താളങ്ങൾ...
ഇലക്കോണു തിങ്ങും
ശ്വാസ ഗർജ്ജനാദങ്ങൾ
മാറിൽ,
മുകിൽ വെള്ളപൂശി
പുഴയായ പുഴയെല്ലാം
പാലഴകിലൊഴുകുന്നു
കഴയുമ്പോൾ
കരമരച്ചോട്ടിലിത്തിരി നേരം
പൊടിയുന്ന നാണമായ്
ഓള നാണമായ് ചുറ്റുന്നു.

ഇരവിൽ,
ഓളത്തിലിറങ്ങിയ നിലാവിനെ
നിറനെഞ്ചിലിറുക്കി
എന്നോ ഒഴുകി മാഞ്ഞ
പ്രേമാലസ്യങ്ങളിൽ ചുരന്ന്,
വക്കു കൈതകളിൽ
അലയുലച്ച്
ഒരുകുമ്പിൾ പൂപൊഴിച്ച്
അവൾ
ഊഴിയോളം നനയുകയാണ്.

കോടി കോടിയറകളിൽനിന്നും
മനുഷ്യർ ഉറക്കം വിട്ടണയും മുൻപ്...
വേഗം...

This poem plunges into the vastness of the sea, exploring not just its shimmering surface but the hidden worlds beneath. It weaves images of tides, currents, and depths to reveal how water embodies mystery—its power to cradle, conceal, and transform. Through shifting tones of wonder and reverence, the verses invite readers to experience the sea as a living, breathing force whose secrets mirror the unknown corners of the human spirit.


Related Articles