ചമഞ്ഞൊരുങ്ങി
നീണ്ട് നിവർന്ന്
കാത്തുകിടക്കണം
മഴദിനമായിരിക്കണം
മഞ്ഞുതുള്ളികൾ കണ്ണിൽ
സൈത്തുപൂശണം
മയിലാഞ്ചിയും
ജഡാമാഞ്ചിയുമണിഞ്ഞ്
അയിർമണ്ണിന്റെ
തണുപ്പിൽ
അലസമായ്
സുഖിച്ചുകിടക്കണം
എന്റെ ഉന്മാദമേ !
എന്റെ ലഹരിയേ !
എന്റെ ആനന്ദമേ !
വരിക, വേഗം
ഇതാ; നിന്റെ ഹൃദയം
ശാന്തമായുറങ്ങുന്നു.
ശിരസ്സുമുതൽ പാദംവരെ
കൃത്യമായി കാണുംവിധം
കാൽക്കൽ തന്നെ
ഇരിക്കണം
കണ്ണു നിറയരുത്
നാവ് വരളരുത്
കൈകാൽ കുഴയരുത്.
ഇടതുവശത്തെ
മാലാഖയുടെ=
വിധിന്യായം കേട്ട്
മൂകസാക്ഷിയായ്
തളരരുത്
അപമാനിതയായ്
വിറപൂണ്ട ഉടലിനെ
ചുണ്ടുകൾ കൊണ്ടു
പുതപ്പിക്കുക.
എന്റെ ശരീരത്തിന്റെയും
ആത്മാവിന്റെയും
നഗ്നതയാണു നീ.
നെഞ്ചിലെ ജലം കൊണ്ട്
ഉഷ്ണരാശിയെ
ആളിച്ചവനേ
മതിവരുവോളം
ഭുജിക്കുക.
ശേഷിച്ചവ വൈകാതെ
അഗ്നിക്കു കൊടുക്കുക
ഒന്നും പാഴും
മലിനവുമാകരുത്.
പിന്നെ തിരിഞ്ഞുനോക്കാതെ
നിന്റെ കഴുതക്കുട്ടിയുടെ
പുറത്തുകയറി
പാഞ്ഞുപോകുക.
ആദിയിൽ ഇരുൾപരന്നു
ഉടൽ രൂപരഹിതവും
ശൂന്യവുമായി.
Rosy Thampi’s poem envisions death as a serene, love-tinged slumber — a gentle transition rather than an end. Through tender imagery, she transforms mortality into an aesthetic experience of eternal rest.
