നരച്ചില്ലകളിൽ

Poem

നരച്ചില്ലകളിൽ



നെഞ്ചിലെ രോമക്കാടിൻ
ചില്ലകൾ നരയ്ക്കുന്ന
സുന്ദര വാർധക്യത്തിൻ
ഹേമന്തമെത്താറായി.

ഞാനതിൽ തലോടുമ്പോൾ
നീയതിൽ മുഖം പൂഴ്ത്തും
പോലൊരു രോമാഞ്ചത്തിൻ
കഞ്ചുകമുള്ളിൽ പാറി.

മറ്റേതോ കാലത്തിന്റെ
അജ്ഞാതമുറിയ്ക്കകം
നീയിപ്പോൾ കിടക്കയാം
മധ്യാഹ്ന മയക്കമാം.

നെഞ്ചിലെ പാൽക്കുന്നുകൾ
ചായുന്നോ താഴേയ്‌ക്കെന്ന
വിഹ്വല സങ്കടത്തിൻ
ചിന്തയോ നിനക്കിപ്പോൾ?

വ്യഥിതമൊരു രാത്രി
അമ്മമാരുപേക്ഷിച്ച
കുഞ്ഞുങ്ങൾക്കൊപ്പം നമ്മൾ
കിടന്നൂ ഉറങ്ങാതെ.

അന്നു നീ പാലാഴി തൻ
പര്യായമെന്ന പോലെ
പകർന്നൂ ദാഹാമൃതം
എത്രമേലിളംവായിൽ.

നിൻ മുലപ്പാലിൻ രുചി
നിൻ കുഞ്ഞിനെന്ന സ്വാർത്ഥം
തർക്കിച്ചു പിരിഞ്ഞു നിൻ
ഭർത്താവും കുടുംബവും.

ആരാത്രി കഴിഞ്ഞു നീ
പാൽമണംപോലെ വന്ന
പുലരിക്കൊപ്പം പോയീ
ചിരിച്ചൂ കുഞ്ഞുങ്ങളും.

നീയിപ്പോളെവിടെയെ
ന്നറിയാസങ്കടത്തിൻ
ദുഷ്‌കരദാഹം നെഞ്ചിൽ
അഗ്നിയായെരിയുന്നു.

നിൻ കുഞ്ഞിനൊപ്പം നിന്റെ
യല്ലാത്ത കുഞ്ഞുങ്ങളും
വളർന്നിട്ടുണ്ടാകണം
നിൻ മുലപ്പാലോർമ്മയിൽ.

ഇന്നിതാ നിന്നോർമ്മ തൻ
സ്‌നിഗ്ധമാം സായംവെയിൽ.
അകലമകറ്റുന്നോ
രോർമ്മതൻ നെടുംനിഴൽ.

ജലാംശമൊടുങ്ങിയ
ദുർബ്ബലസ്തനങ്ങളിൽ
പിഴുത മലകൾ തൻ
തായ് മണ്ണ് തെളിയുന്നു.

കുന്നുകളൊടുങ്ങിയ
പരന്ന മണൽച്ചൂടിൽ
നരയ്ക്കാൻ തുടങ്ങുന്നൂ
നീ നട്ട നീർമാതളം.

In this poem M. S. Banesh reflects tenderly on aging, motherhood, and loss, blending the imagery of a woman’s fading body with memories of love, sacrifice, and the quiet beauty of time’s passing.


Related Articles