നിറപ്പകിട്ടാർന്ന ഒരു വൈകുന്നേര വിചാരം

Poem

നിറപ്പകിട്ടാർന്ന ഒരു വൈകുന്നേര വിചാരം


പിങ്കും പച്ചയും മഞ്ഞയും...
അതായിരുന്നു
ആ പന്തിന്റെ നിറം!
അതു നഷ്ടപ്പെട്ടത്
ആർക്കായാലും
കഷ്ടം തന്നെ!
ഞാൻ അടുത്തു പോകാതെ
ഏറെ നേരം നോക്കി നിന്നു
ഉടമസ്ഥരുണ്ടെങ്കിൽ
ഞാൻ അതെടുക്കരുതല്ലോ...
ആരും വന്നില്ല...
അശ്രദ്ധമായി
അത് മണൽപുറത്ത്
കിടക്കുകയാണ്...
ഞാൻ മെല്ലെ
അതിൽ തൊട്ടു...
തട്ടി നോക്കി...
നല്ല രസം!
തട്ടിക്കളിക്കുമ്പോൾ
ചില കാൽ പാദങ്ങൾ
ഒപ്പം ചേർന്നു!

എല്ലാം മറന്ന്
ഞാൻ ഏറെ നേരം
അതുമായി കൂടി...
എന്റേതല്ലെങ്കിലും
എനിക്കെത്ര
ഉല്ലാസമാണതു തന്നത്!
കടപ്പുറം
ഇരുളുകയാണ്
ആളുകൾ
പിരിയുന്നു
പതിവു താവളത്തിൽ
എത്തണം
അലഞ്ഞു തിരിയുന്ന
കൂട്ടുകാർ
ഓരോരുത്തരായി
ഇപ്പോൾ എത്താൻ
തുടങ്ങും...

രാത്രി കടലിന്
കാവൽ ഞങ്ങളാണ്
അത് കടലിന്
അറിയില്ലെങ്കിലും...

പന്ത് എടുത്ത് പോയാലോ...!
അവിടെ എത്തുമ്പോൾ
ഒരു തർക്കമുണ്ടാവാം...
ചില സൗഹൃദങ്ങൾ
വിട്ടുപോകാം...
പകരം...
പന്ത് വിട്ടു പോയാലോ...
ആ ചിന്തയുടെ മുറിവ് നീറുന്നുണ്ട്!


Related Articles