ഒത്തിരി മുമ്പ്, കുഞ്ഞിലേ
ഞങ്ങളത് പരസ്പ്പരം മുട്ടിച്ചപ്പോൾ
ഉണ്ടായ രസത്തിന്റെ
ഒരു തുള്ളി പോലും
ഇപ്പോൾ ആഴ്ന്നിറങ്ങി
മുങ്ങിയിട്ടും തോന്നണില്ലല്ലോ
അന്ന് അവളും ഞാനും മുട്ടിച്ചപ്പോൾ
കരിയിലംകാടകൾ ചിലച്ചിരുന്നു
കശുമാവിൽ നീറുകൾ
ഓടിയോടി കളിച്ചു
തൊട്ടപ്പുറത്തെ
സെമിത്തേരിയിലെ ആത്മാക്കൾ
ഉത്തമഗീതം ഈണത്തിൽ ചൊല്ലി
പള്ളിക്കാട്ടിൽ നിന്ന് മൈലാഞ്ചിയും കമ്മട്ടിയും ആടിക്കളിച്ചു
ദിക്കറു ചൊല്ലുമ്പോലത്തെ ഒരാട്ടം.
പുഴയില് വാളക്കുഞ്ഞുങ്ങൾ കുയിലുകളോടൊത്ത് പുളഞ്ഞു
കാട്ടിലെ മരങ്ങളുണ്ടല്ലോ
എല്ലാ കിളികൾക്കും കൂടൊരുക്കി
അങ്ങകലെയുള്ള ലോകം
ആകെ മാറിപ്പോയി
അത്രയ്ക്കടുത്ത്, മുട്ടിച്ചു മുട്ടിച്ച്..
ഹോ നിന്നെ പിന്നെ കാണാൻ
കഴിഞ്ഞിട്ടില്ല
ഇന്നാണേൽ ചിലപ്പോ
ഞാൻ ഉള്ളിലും
നീ പുറത്തുമാകും
അല്ലെങ്കിലീ പത്രത്തിലും
ചാനലിലുമൊക്കെ വന്ന്
നമ്മടെ മുട്ടിക്കൽ ആഘോഷിച്ചേനേ..
ഓർക്കുന്നുണ്ട് വെള്ള
പെറ്റിക്കോട്ടിന് താഴെയിട്ട റോസ്
അതിനിപ്പോൾ റോസാപ്പൂമണം
കണ്ണങ്കാലിലെ കൊലുസിന്റെയാ തിളക്കം
ലോകത്തെങ്ങും ഇതേവരെ വിരിഞ്ഞിട്ടില്ല.
അന്നത്തെ കശുമാവില്ലേലും
സെമിത്തേരിയും പള്ളിക്കാടും
പുഴേം കാടുമൊക്കെയുണ്ട്
അവിടേയൊന്നും ആഹ്ലാദങ്ങളില്ലല്ലോ!
അന്ന് ഞങ്ങൾ മുട്ടിച്ച
കവുങ്ങുംചോട്
ഇന്ന് വർക്ക്‌ഷോപ്പ്
സ്പാനറും വണ്ടികളും തൊടുന്നത്
ഇപ്പുറത്തുള്ള എനിക്ക് കേൾക്കാം
അങ്ങകലെയുള്ള ലോകങ്ങളിൽ ഒന്നിച്ചിരിക്കാനൊക്കെ
ഒത്തിരി ഒച്ചേം ബഹളോക്കേണ്ട്
ചിലര് ഉമ്മവെച്ചൊക്കെ സമരത്തിലാ
അന്ന് നമ്മളും ലോകത്തോട്
മുട്ടിയിരിക്കാനല്ലേ പറഞ്ഞത്
അവയവങ്ങൾ മുട്ടുമ്പോൾ ലോകം മാറുമെന്നൊക്കെ
എന്നാലേ..
മുട്ടിയിരുന്ന മീനുകളില്ല
കാട്ടിൽ മരങ്ങൾ അടുത്തടുത്തല്ല
വീടുകളുണ്ടേലും
അവിടുള്ളോരൊക്കെ മുട്ടാറുമില്ല
ഒന്നിച്ചിരിക്കാത്ത ലോകമേ
വാ.. വസന്തത്തിന്റെ പഴയ കാഴ്ച്ചകൾ
ഒന്നിരിച്ചിരുന്നു കാണാം.
In this evocative poem by Akbar, the poet nostalgically recalls the warmth and tenderness shared with his ladylove, capturing the beauty of love in its prime. As the poem progresses, that warmth fades away, leaving behind only sweet memories. Towards the end, the speaker mourns a loveless world where human connections have fractured, and everyone exists as isolated islands. This heartfelt reflection on lost love and emotional solitude resonates deeply in today’s disconnected society.
