ഓണപ്പൂട്ടലിന് മുമ്പ്
മുക്കുറ്റിയും അലരിയും
കാശിത്തുമ്പയും കണ്ണാന്തളിയും
മുറ്റത്തു വിരിയുമ്പോൾ
പൂവിടാൻ സമയമില്ലാത്ത രാവിലെകളിൽ
നിറയെ പൂക്കളുള്ള പാവാടയിട്ട്
കളിക്കാൻ വിളിക്കുമായിരുന്നു
ഒരു കുശുമ്പി കാൽക്കൊല്ലപ്പരീക്ഷ
മടിച്ചു മടിച്ചെണീറ്റ്
അമ്മ തരുന്ന കട്ടൻ കാപ്പി കുടിച്ചിട്ടും
ഉറക്കം തൂങ്ങി
പുസ്തകത്തിനു മുകളിൽ വീണ്
പിടഞ്ഞെണീറ്റ്
വഴിയിലൂടെ പോകുന്ന
അയ്യപ്പന്മാരുടെ ശരണം വിളിക്ക്
കാതോർക്കുമ്പോൾ
തണുത്തു വിറച്ചു വന്നെത്തിനോക്കിയിരുന്നു,
ഒരു അരക്കൊല്ലപ്പരീക്ഷ.
കണ്ണിമാങ്ങ വീഴുകയും
വേനൽ മഴയിൽ തളിരിട്ട മുല്ലയിൽ
ഒരു വസന്തകാല സൗരഭം മുഴുവൻ
അടക്കി വെച്ച് മൊട്ടുകൾ പൊടിക്കുകയും
നേരത്തെ ഉണർന്ന്
കുയിലുകൾ പാടുകയും ചെയ്യുന്ന
ഗ്രീഷ്മത്തിൽ
വിയർത്തോടിവന്ന്
കെട്ടിപ്പിടിക്കും
ഒരു മുഴുവൻ കൊല്ലപ്പരീക്ഷ
ഓണവും തണുപ്പും കുയിലും
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ
പഠിക്കാൻ പോയപ്പോൾ
കളിക്കാനും കളിപ്പിക്കാനും
ആരെയും കിട്ടാതെ
നാട്ടിൽ നിന്നേ ഓടിപ്പോയി
പരീക്ഷകളെല്ലാം.
പകരം വന്ന എക്‌സാമുകൾ
കോട്ടും ടൈയും ഷൂസുമിട്ട്
കണ്ണു തുറിപ്പിച്ചു
നാക്കു നീട്ടി
കുട്ടികളെ പേടിപ്പിച്ചു.
Sandhya E’s poem wistfully compares the quality and innocence of the past education system with the emptiness of today’s academic exams, lamenting the absence of play, nature, and togetherness in modern schooling.
