1.ഒന്നാമത്തെ കാണൽ
ചിതലുകൾ അലഞ്ഞുനടന്ന് മൺപുറ്റായ വീട് കടന്നു നീളുന്നു
അമ്മ നടന്നുപോയ വഴി.
കൊറ്റ്യത്തെപ്പാറയിലൂടെ ഒലിച്ചിറങ്ങുന്ന
കനാലുവെള്ളത്തിന്റെ കൂറ്റ്,
കള്ളുമണമുള്ള രാത്രിയുടെ പേടിയിലെ തരിപ്പ്.
രാത്രി മാത്രം കൂട്ട്.
പെണ്ണുങ്ങള്ടെ പൊരയെന്ന് നാട് മടിയിലിരുത്തി പേരിട്ട
കടവിനടുത്തേക്ക് അമ്മ പോയതാരോ കണ്ടു.
അതിനുശേഷം മിണ്ടാട്ടമില്ലാതായ ഇറയം, അടുക്കള, മിറ്റം.
പുളിച്ച മോരു പോലെ ആകാശം.
2.രണ്ടാമത്തെ കാണൽ
ചിതലുകൾ എല്ലായ്പ്പോഴും
കാലുകൾക്ക് ശേഷിയില്ലാത്ത അലമാരയിൽ നിന്ന്
പുസ്തകങ്ങൾക്കിടയിൽ നിന്ന്
താഴേക്കിറങ്ങി വന്ന്
എന്റെ കൺപീലികൾ പിഴുതെടുത്തുകൊണ്ടിരുന്നു.
അപ്പോൾ അമ്മ പോയ വഴികളിലേക്ക്
കനാലുവെള്ളത്തിന്റെ തണുപ്പ് പടരുന്നത് ഞാനറിഞ്ഞു.
അവനവന്റെ മൂത്രത്തിന്റെ ചൂടിൽ ജാള്യനായി.
പക്ഷേ,ഞാൻ കുഞ്ഞായതേയില്ല,
മരവിച്ച ബാല്യം വറ്റില്ലാത്ത ചോറ്റുപാത്രത്തിൽ പുളഞ്ഞു.
അമ്മ എന്നെ കടന്നുപോയി.
നോക്കുമ്പോൾ നിലാവിന്റെ നഖങ്ങളിൽ നിന്നും
നിശാശലഭങ്ങൾ പറന്നുവന്നു.
പെണ്ണുങ്ങള്ടെ പൊരയിൽ നിന്ന് പാട്ടുയർന്നു.
പാട്ടിൽ അമ്മയുടെ ശബ്ദം.
അമ്മയെ കണ്ടതിന്റെ സന്തോഷത്തിൽ
ഞാനെന്റെ കണ്ണുകൾ ചിതലുകൾക്ക് വിട്ടുകൊടുത്തു.
