പെങ്ങൾ സ്ഥാൻ

Poem

പെങ്ങൾ സ്ഥാൻ



എന്നേ ചൊടിച്ചു പിരിഞ്ഞ നേർപെങ്ങളേ
നിന്നെയെനിക്കൊന്നു കാണാൻ കൊതി.

വീരഭഗത്തിന്റെ ലാഹോർ
ലജ്പത്‌റായ്
വീണ മണ്ണിന്റെ രക്താഭയും ഭാവവും
കാണാൻ കൊതി.

ഗസൽശീതമടിക്കുന്ന
ഗോതമ്പുപാടവും
ഖൈബർചുരത്തിന്റെ
ഓർമ്മയിൽ കത്തും ചരിത്രവും
പട്ടാളയാത്രയും
ബോളാൻ റയിൽപ്പഴമ്പാതയും
കാണാൻ കൊതി.

സിന്ധുതീരത്തു പണ്ടെന്റെ
പൂർവികർ നാടും നഗരവും കൊത്തിയ
പൂവഴി.
ആര്യവേട്ടക്കാർ തെറിപ്പിച്ച ജീവിതം
ഓടിമറഞ്ഞ മൺവീഥികൾ
കാണാൻ കൊതി.

ഒറ്റപ്പുസ്തകം, വ്യാഖ്യാനഭേദങ്ങൾ
കയ്യിൽകൊടുത്ത ഗ്രനേഡിനാൽ
തീവീണ പാവം മനുഷ്യജന്മങ്ങളെ
കാണാൻ കൊതി.

പച്ചയിട്ട ചിനാബിന്റെ
തീരത്തെ പേരമരങ്ങൾ
പാമീർ മലയോരത്തു
മേയുന്നൊരൊട്ടകക്കൂട്ടങ്ങൾ
പെഷ്‌വാറിലെ പൊടിക്കാറ്റ്
കറാച്ചിയിൽ
കപ്പലിറങ്ങുന്ന പർവതാരോഹകർ
അല്ലാമ ഇഖ്ബാൽ മതിമറന്നുർദുവിൽ
കല്ലിനെ പൂവാക്കി ന്‌ലാവു കുടിപ്പിച്ച
ടെന്റുകൾ
താർമരുഭൂവിൻ തോളെല്ലുകൾ,
മഞ്ഞുതടാകം
ബലൂചിപ്പെൺകുട്ടികൾ
തൊങ്ങലിട്ടാടി വലംവച്ച ഹുക്കകൾ
കാണാൻ കൊതി.

വാശികൂർപ്പിച്ച ഹോക്കിയും
വീഴുന്ന വിക്കറ്റും നോക്കിക്കയർക്കുന്ന
ബാല്യകൗമാരങ്ങൾ
കാണാൻ കൊതി.

എന്നേ ചൊടിച്ചു പിരിഞ്ഞ നേർപെങ്ങളേ
നിന്നെയെനിക്കൊന്നു കാണാൻ കൊതി.

This poem by Kureepuzha Sreekumar takes us on a heartfelt journey through the landscapes, histories, and cultural memories of the Indian subcontinent, especially Pakistan, capturing the poet’s deep longing to reconnect with the places, people, and ancestral roots from which he has been painfully separated.


Related Articles