പീലി

Poem

പീലി


കാപ്പിപറിപ്പണിക്കു പോയവൾ
വൈകിട്ടെനിക്ക് ചൂടാനെന്നു പറഞ്ഞ് പറഞ്ഞ്
പറഞ്ഞെടുത്ത മൂന്ന് മയിൽപ്പീലിയുമായിട്ടാണ്
ചിരിച്ചോണ്ട് വീട്ടിലേക്ക് വന്നത്.

കോടാലിയുടെ മൂർച്ചകൾ
മരമുട്ടിയിൽ തറയ്ക്കുമ്പോ
ചത്തമരത്തിന്റെ ബാക്കിയായ
ചിരിയൊലികൾ പുറത്തേക്ക് കേട്ടപ്പോ
അവളുടെ ഒപ്പം വന്നവൾ പറഞ്ഞു
ബേത്തിമാരാ നിനക്ക് ചൂടാനാ ഈ പീലിയെന്ന്.

മരമുട്ടി രണ്ട് കഷ്ണമായി
മമ്മുട്ടിയെപോലെ തെറിച്ച് തെറിച്ച്.
ചത്തമരത്തിന്റെ മുകളിൽ ചവിട്ടി
ഞാൻ ജയനെപോലെ നിന്നു.
അംബികയും സോമനും ശോഭനയും
സീമയും രേഖയും രഘുവും സിനിമയിലെ
നൃത്തംചെയ്യവെ മസിൽ പെരുപ്പിച്ച്
ഞാനെന്റെ കുട്ടിയെ എടുത്തു.

ഒരുമ്മ അമ്മയ്ക്കും രണ്ടുമ്മ കുഞ്ഞിനും,
അവൾ അടുത്തേക്കെത്തിയാൽ
രണ്ടെണ്ണം കൂട്ടികൊടുക്കാമെന്ന്
വിചാരിച്ചങ്ങനെ നിന്നനേരം
മൂന്ന് പീലികൾകൊണ്ടവൾ വീശി വീശി
രണ്ടു കണ്ണുകൾകൊണ്ടെന്നെയാട്ടിയാട്ടി
വീടിനകത്തേക്ക് കേറ്റിട്ടൊരു ചോദ്യം
കുളിക്കാൻ വെള്ളം ചൂടാക്കിയോ?
മക്കളെ കുളിപ്പിച്ചോ?
പാത്രം കഴുകിയോ?
തുണിയലക്കിയോ?
വെള്ളം പിടിച്ചോ?
പത്രക്കാരന് പൈസ കൊടുത്തോ?
എന്നൊക്കെ ചോദിച്ചപ്പോ
എന്റെ പീലിയും പോയി
മക്കടെ കരച്ചിലും പോയി
അമ്മയ്ക്ക് ചിരിയും കൂടി.


Related Articles