പരൽമീനുകൾ ചൂണ്ടൽ വരയ്ക്കുന്നു

Poem

പരൽമീനുകൾ ചൂണ്ടൽ വരയ്ക്കുന്നു


കാഴ്ചയിൽ തടാകം എത്ര സുതാര്യമാണ്!
സൂര്യപ്രകാശം തട്ടുമ്പോൾ പച്ചത്തുരുത്ത്,
തീർത്തും നിശ്ചലമായ സ്പടിക സുതാര്യത.
ആഴത്തിൽ, അതിൻ്റെ രഹസ്യ അറകളിൽ,
പൂവിടാത്ത സസ്യങ്ങളുടെ വൻകാടുകൾ.
മീനുകൾ മാത്രമാകും സ്വബോധത്തോടെ
താഴ്ചയിലെ കൗതുകങ്ങൾ കണ്ടിട്ടുള്ളത്.
കാറ്റ് മണത്തു നടക്കുന്ന ഉപരിതലത്തിൽ
കാവൽ നിൽക്കുന്ന സന്യാസിച്ചിലന്തികൾ
ധ്യാനിക്കുന്നത് ഏത് ഭാഷയിലാകും?
മീനുകൾക്ക് തടാകത്തിൽ എത്ര സ്വാന്ത്ര്യമാണ്?
കൂട്ടമായി അവരൊക്കെ ഇളകിക്കളിക്കുന്നു
ആരും തീറ്റയ്ക്കായി തല്ലുകൂടുന്നില്ല
ആർക്കും വേട്ടയാടി ഇണകളെ പിടിക്കണ്ടതില്ല.
കാത്തിരുന്ന് വീറുകാട്ടാൻ നേരവുമില്ല.
ഏത് പുളകത്തിലും അഭിരമിച്ച്
മേനി കാട്ടിക്കൊതിപ്പിക്കലാണ് ജീവിതം.
ആകാശത്ത് പാറുന്നവൻ്റെ തീക്കണ്ണുകൾ
ഏതാഴത്തിലും കൊത്തിവലിക്കാം
കാഴ്ചകൾക്കു മുന്നിൽപ്പെടാതിരിക്കലാണ്
ദേഹം കൊണ്ട് പരിശീലിക്കേണ്ടത്.
കാലൻ കഴുകൻമാർ കൊത്തിയെടുക്കുന്നവരെയോർത്ത്
മീനുകൾ കരയാറുണ്ടോ? ഉണ്ടാവാം.
ആരും ഒച്ച വെയ്ക്കാറില്ലെങ്കിലും
ആശിച്ചതു നേടുമ്പോഴൊക്കെ
ആർത്തു ചിരിച്ചുരസിച്ചിരിക്കാം.
ഓരോ രാത്രിയിലും അവർ പകലിനെ ആഗ്രഹിച്ച്
ചേറുപുതച്ചുറങ്ങിക്കാണും.
വീശിയെറിയുന്ന കോരുവലകൾ ഭയന്ന്
തീരത്തേക്ക് പോകാനാവാതെ
ഏറ്റവുമടിത്തട്ടിൽ
കൂരിരുട്ടിൽ ഒളിച്ചിരിക്കയാവും.
ആകാശം കാണാൻ, ഒന്നു തിളച്ചുമറിയാൻ,
ഏതിടവേളയിലാണ് മുകളിലെത്താനാവുകയെന്ന
ആശയ്ക്കു മുകളിൽ
പരൽമീനുകൾ
ഒരു ചൂണ്ടക്കൊളുത്ത് വരയ്ക്കുകയാണ്.

Summary: Paralmeenukal Choondal Varaykkunnu, poem by Idakkulangara Gopan


Related Articles