നികനോർ പാർറയുടെ (1914-2018) കവിതകളിൽ, മുദ്രാവാക്യസദൃശമായി, നമ്മുടെ നാട്ടിൽ-ഒരുപക്ഷേ, അമേരിക്കയൊഴികെ എല്ലാ നാട്ടിലും-പ്രചുരപ്രചാരം നേടിയതാണ്, 'അമേരിക്ക, നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്,' അഥവാ, 'സ്വാതന്ത്ര്യം പ്രതിമ മാത്രമായ അമേരിക്ക' എന്ന വരികൾ. 'മുദ്രവാക്യത്തിന്റെ സൗകര്യ'ത്തിനായി ഒറ്റവരിക്കവിതയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇനി ഒറ്റവരിക്കവിതയായും പാർറ എഴുതിയിട്ടുണ്ടാകുമോ? പാർറയുടെ കാര്യമായതിനാൽ, ഒന്നും ഉറപ്പിച്ചു പറയാനാവില്ല, സ്വന്തം കവിതകളെ മാറ്റുകയും തിരുത്തുകയും ചെയ്യുക കവിയുടെ പതിവായിരുന്നു, രാഷ്ട്രീയനിലപാടുകൾ അന്ധാളിപ്പിക്കുന്ന തരത്തിൽ മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. വലിയ സദസ്സുകളിൽ കവിത വായിച്ചശേഷം, അവ തിരിച്ചെടുക്കുന്നതും പാർറയുടെ-മാത്രം-സമ്പ്രദായമായിരുന്നു ('ഞാൻ പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു' എന്നു പേരിട്ട ഒരു കവിതയും ഉണ്ടല്ലോ.) അതിനാൽ നാം വിധിക്കേണ്ടതില്ല: 'വിധിക്കപ്പെടാതിരിക്കാൻ നിങ്ങൾ വിധിക്കരുത്.' (മത്തായി 7:2)
നികനോർ പാർറ, ഒരു അമേരിക്കൻ വിരോധിയോ അമേരിക്കൻ അനുകൂലിയോ ആയിരുന്നില്ല. ഒരു കാലത്ത് ലാറ്റിനമേരിക്കയിലെങ്ങും നിറഞ്ഞുനിന്നിരുന്ന ഒരു ചുമരെഴുത്ത്, പാർറയെക്കുറിച്ചെഴുതുമ്പോൾ കവി റൗൾ സുരീറ്റ (നമുക്ക് നന്നേ പരിചിതൻ, കൊച്ചി-മുസിരിസ് ബിനാലെയിൽ (2016) മുഖ്യാതിഥിയും ആശാൻ പ്രൈസ് (2018) ജേതാവും) എടുത്തെഴുതുന്നുണ്ട്: ''യാങ്കികളേ വീട്ടിൽ പോകൂ/പക്ഷേ, കൂടെ എന്നെയും കൂട്ടൂ''. ഈ മുദ്രാവാക്യത്തിൽ എല്ലാം ഉണ്ട്!
അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളോടു മാത്രമല്ല, ക്യൂബയിൽ ഫിദെൽ കാസ്‌ത്രോയുടെ ഏകാധിപത്യ പ്രവണതകളോടും നികനോർ പാർറ-ഗബ്രിയേൽ ഗാർസിയ മാർകേസിനെപ്പോലെ-രാജിയായില്ല. അതാകണം, 'അമേരിക്ക' എന്ന കവിതയിലെ ഫിദെൽ പരാമർശം. 'ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും', കാസ്‌ത്രോയുടെ ഏറ്റവും അറിയപ്പെടുന്ന പ്രസംഗമാണ്. ക്യൂബയിലെ മോൺകാഡ പട്ടാളത്താവളം ആക്രമിക്കാൻ നേതൃത്വം നൽകി എന്ന കുറ്റം ചുമത്തി അറസ്റ്റിലായ കാസ്‌ത്രോ 1953 ഒക്‌ടോബർ 11-ന് സ്വയം പ്രതിരോധിച്ച് കോടതിയിൽ നടത്തിയ രണ്ടു മണിക്കൂർ നീണ്ട പ്രഭാഷണം, ക്യൂബൻ വിപ്ലവത്തിന്റെ മാനിഫെസ്റ്റോ ആയി പുസ്തകരൂപത്തിൽ പ്രചരിപ്പിക്കുകയുണ്ടായി. ആറു വർഷത്തിനുശേഷം കാസ്‌ത്രോയും ചെഗുവേരയും കൂട്ടാളികളും സ്വേച്ഛാധിപതി ബതീസ്തയെ തൂത്തെറിഞ്ഞ് വിപ്ലവസർക്കാർ രൂപീകരിച്ചു.
