കവർന്നെടുക്കപ്പെട്ട
പുഴപോലെ
എന്റെ കവിത
ശൂന്യതയുടെ
വെളുത്ത ആത്മഹത്യാക്കുറിപ്പ്
ബാക്കിയാക്കി
ഉറക്കത്തിന്റെ ബസ്സിറങ്ങി
തിരികെ ജീവിതത്തിലേയ്ക്ക്
ഹാജർ രേഖപ്പെടുത്തുന്ന
തിടുക്കത്തിനിടയിൽ
അപ്രത്യക്ഷമായി.
അവസാനത്തെ
സൃഷ്ടിക്കുശേഷമുള്ള
ദൈർഘ്യമേറിയ കാലത്തിന്റെ
പടച്ചട്ടയുടെ ഭാരത്തിൽനിന്നും
അർദ്ധരാത്രിയിൽ
മോചനം നൽകിയ
സ്വാതന്ത്ര്യസമരസേനാനിയുടെ
നിറമുള്ള കവിത
ഭൂമിയുടെ നിഗൂഡതയിലെവിടെയോ
മറഞ്ഞുനിൽക്കുന്നു.
വാക്കുകൾ
വേലികെട്ടി
വിലങ്ങിനിന്ന നിമിഷങ്ങളുടെ
മഞ്ഞുകാലവിജനത പേറിയ
വിരസഭൂതചരിത്രം
എന്നെ
വീർപ്പുമുട്ടിക്കുന്നു.
ഏറെ നാളുകൾ
ഞാനെന്നിൽത്തന്നെ
അലയുന്നു.
ഏത് മഴയിലും
വിറച്ചുനിൽക്കുന്ന
പ്രാക്തനമായ ശബ്ദം കേൾക്കുന്നു.
സ്വപ്നങ്ങളിൽ
ഇരുൾ സഞ്ചാരങ്ങൾക്കുശേഷം
അടക്കം ചെയ്യപ്പെട്ട
മണ്ണടരുകളിൽ
തിരകെയെത്തി
വിശ്രമിക്കുന്ന
അശാന്തപ്രേതങ്ങൾ കണക്ക്
മടങ്ങിയെത്തി
മഷിപുതച്ചുറങ്ങുന്ന
എന്റെ
കവിതയെ കാണുന്നു.
മറഞ്ഞുപോയ
ഇറങ്ങിപ്പോയ
കാണാതെപോയ
തിരോധാനത്തിന്റെ മണമുള്ള
കവിതയെത്തേടി
നിരന്തരം
നടക്കുന്നു.
അനവധി
പകലുകൾക്കും
രാത്രികൾക്കുംശേഷമുള്ള
പ്രഭാതത്തിൽ
അറിയിപ്പുകളോ
അടയാളങ്ങളോ
ആരവങ്ങളോ
ഇല്ലാതെ
കവിത
പിറന്നപടിയെ
പേപ്പറിൽ കിടന്നു.
അവ്യക്തതയുടെ
ഭൂപടം
മടക്കിവച്ചതുപോലെ.
കനപ്പെട്ട വെയിലിന്റെ
കരുവാളിപ്പ്
കവിതയുടെ
നെറ്റിത്തടത്തിൽ
റ'യുടെ
ആകൃതിയിൽ
മിന്നിനിൽക്കുന്നു.
പുലരിയുടെ തെളിമയിൽ
കൺനനവോടെ
ഞാൻ
കവിതയെ തൊട്ടുനോക്കുന്നു.
പനിച്ചൂടുകൊണ്ട്
വിരലുകൾ
പിൻവലിക്കേ
പള്ളിമണികൾ കേൾക്കുന്നു.
പാതിരാകുർബ്ബാനയുടെ
മുഖമുള്ള കവിത
നടന്നറിഞ്ഞ
ദൂരങ്ങളത്രയും
കുമ്പസാരിച്ചുറങ്ങുന്നു.
