നാരാണേട്ടൻ
രാവിലെയായാലിറങ്ങും.
തോട്ടിൻ വക്കത്തെ
കൈതയിലകളയാളുടെ
നടത്തംകൊണ്ടൊന്നുലയും.
പകലുമുഴുവനയാൾ പല
വീടുകളിലേക്കായിറങ്ങും.
ചിലപ്പോൾ,
തോർത്തു കാലിൽ കെട്ടി
തെങ്ങു കയറും.
വേരാഴത്തിൽ കുഴിച്ചിട്ട
പുല്ലുകളെയാഞ്ഞു വലിക്കും.
കൂട്ടിയിട്ട വിറകിൻ തുണ്ടുകളെ
അടുപ്പൊതുക്കത്തിലേക്കു
വെട്ടിച്ചുരുക്കും.
അമ്മമ്മ നോട്ടമെത്തും മുമ്പേ
കുലയിറുത്തു
വാതിക്കലെത്തിക്കും.
ഓരോ ദിവസോം
ഓരോരോ വീട്ടിലായി
ചമ്മിലകളെ ചുട്ടു
തീ കാഞ്ഞിരിക്കും.
വയറിലന്നം നിറച്ചയാ-
ളെവിടേലുമന്തിയുറങ്ങും.
നാരാണേട്ടൻ നിന്ന
മണ്ണെല്ലാം
വിയർപ്പിൻ്റയു -
പ്പു വെള്ളത്തിൽ
നനഞ്ഞു കുതിരും.
കൈ നിറയ്ക്കാനയാൾക്കായില്ല,
പെണ്ണു കെട്ടിയില്ല,
പുതിയ പുരയൊരെണ്ണം
വെച്ചില്ല!
