നിശയുടെ പള്ളിയോടത്തിൽ
പതിതാളത്തിൽ നിലാവേതോ
പഴകിയ പ്രേതവീട്ടിൽ
പുലരുവോളം കഥമെനഞ്ഞു !
ഇരുളിൻ മുടിപ്പിന്നിൽ കുരുക്കും പാലപ്പൂക്കൾ, ഇടവിട്ടേതോ പാട്ടിൻ
വരിമൂളി താളം ചേർത്തു !
ദിക്കുകൾ വിറപ്പിക്കും ദംഷ്ട്രകൾ -
ഒട്ടൊരു വാനിൽ കൊള്ളിയാൻ വെട്ടമായ്!
പടിഞ്ഞാറ്റയിൽ പതുങ്ങും പോക്കുവരവിൽ
പലകുറി വിയർത്തേതോ പാതിരാപ്പിടകൾ വീണ്ടും..
താരകമുടിചൂടും ഏഴിലംപാലക്കൊമ്പിൽ
താണൊരു കൂമൻ മെല്ലെ തേരൊന്ന് തെളിക്കുന്നു.
ഇരുട്ടിൻ പീലി കൊഴിച്ചിടും മുറ്റം,
അതിൻകോണിൽ കലമ്പും ചിലങ്കത്താളം,
പാരിജാതത്തിൻ പാൽക്കാവടിയാട്ടം !
പഴയൊരു മേലാപ്പൊന്നു പുതച്ചേതോ യക്ഷി,
കിലുങ്ങുന്നോട്ടുവളകൾ, തളകൾ
നിലാവുകുടഞ്ഞിടും നിഴലിൽ പൂത്തൂ -
കണ്ണിണ, രണ്ട് കായാമ്പൂക്കൾ !
വിറയ്ക്കും റാന്തലിൽ,
കാറ്റിൻ വിരലിൽ കുരുങ്ങും ശീതക്കോളിൽ
തളിർത്തുനിൽക്കുന്നൂ യക്ഷി,
തനിച്ചേതോ നിഴൽ ചിത്രം!
ആളൊഴിഞ്ഞ വീടിന്നകത്തളങ്ങൾ
മാടി മാടി വിളിക്കുമ്പോൾ,
പേടിയോടെ പനിക്കുന്നൂ
നാമമാത്രമാ 'വടയെക്ഷി' പാവം!
പാതിരാവുകളന്യമാകും
പുതുയുഗസഞ്ചാരത്തിൽ
പട്ടിണിക്കോലമായ് യക്ഷി
പട്ടടയിൽ ശയിക്കുന്നു.
ചന്തമേറും ചെപ്പടിവിദ്യയിലന്ധകാരം വിധിക്കുന്നു,
മാടന്, മറുതയ്ക്ക്, പേ-പിശാചിന് തുച്ഛം
അന്തസ്സിൻ്റെ ദയാവധം - മിച്ചം!
ഉന്മാദമധുതേടും പഴങ്കഥക്കാട്ടിലേതോ
പനിപ്പുള്ളും നത്തും പതിയെ
തനിച്ചിരുന്നു തപിക്കുന്നു.
മുരിക്കുമ്പൂവിൻ നഖക്ഷതങ്ങൾ
മണ്ണിലാകെ വരക്കുന്നൂ -
പഴകിയ യക്ഷിച്ചിത്രം
ജഡം, ജീർണ്ണം, മൃതാവശിഷ്ടം !
