ഒരു പുഷ്പം മാത്രമെൻ

Poem

ഒരു പുഷ്പം മാത്രമെൻ


കാര്യമൊന്നുമുണ്ടായിട്ടല്ല,
എങ്കിലും വെറുതെ കയറി
മേനക വഴി ഹൈക്കോട്ടിലിറങ്ങി
മുനമ്പം ബസ് പിടിച്ചു.

പെയ്തതിൽ പാതിയും
ദേഹത്തു കിനിഞ്ഞിറങ്ങുന്നു.
ചുവപ്പിൽ കറുത്ത വരകളുള്ള
പട്ടുസാരീയൊട്ടിക്കിടക്കുന്നു.

ഇരുണ്ട മഴക്കാലയുച്ചയിൽ
ഗോശ്രീ രണ്ടാം പാലത്തിലെത്തിയപ്പോഴാണ്
കണ്ണാടി കണ്ടത്.
മുഷിഞ്ഞ മുപ്പതിന് ശേഷം
വരാൻ കാത്തു നിൽക്കുന്ന
നശിഞ്ഞ നാല്പത്
കണ്ണ് നിറയ്ക്കാൻ തുടങ്ങുമ്പോൾ
'ഒരു പുഷ്പം' ഓടി വന്നെന്റെ
ചെവിയോരത്തു നനഞ്ഞിരിക്കുന്നു.

ഇരുപതുകളിൽ കാസറ്റ്
വള്ളിയിൽ കുരുങ്ങിക്കിടക്കുന്ന
യേശുദാസിന്റെ ശബ്ദം
ചെവിക്കുള്ളിലേക്ക് പ്രേമത്തോടെ
പെയ്തിറങ്ങുന്നു.
ഒപ്പം ഒരുത്തന്റെ കിതപ്പും.


Related Articles