ഒരു പുളിവാക മര(ണ)○

Poem

ഒരു പുളിവാക മര(ണ)○


ഓടിക്കൊണ്ടിരുന്ന ഒരു ബസ്സിനുള്ളിലിരുന്ന് റോഡുവക്കത്തെ പറമ്പിൽ നിശ്ചലം നിന്ന ഒരു മരം പിന്നോട്ട് പാഞ്ഞതായി കണ്ടതിനെപ്പറ്റി, വർഷങ്ങൾക്കുശേഷം ഒരു രാത്രി സ്വന്തം മുറിയിലിരുന്ന് ഓർത്തെടുത്ത് മരത്തിന്റെ വൈകാരികതകളും ജീവചരിത്രവും കവിതയാക്കുന്നത്.


ഹരിത ഗോവർദ്ധമേന്തും
കരിനീലക്കണ്ണനെപ്പോൽ
വിലാസവീറിൻ
നെഞ്ചുവിരിച്ച്
നിന്നിരുന്നു
നടുപറമ്പിൽ
പണ്ടൊരു
പുളിവാക.

ദേശീയപാതയിൽ
മുരണ്ട് മൂളിയ
KSRTC-യിൽ
തണുതണൽച്ചിന്തായ്
നോക്കി മറിഞ്ഞൊരു
നിഴലായ്.
നാളേറി
ചിത്രംമാറി
വിവശം വാടി
തളിരില.

മതിലായ്
കാലവളപ്പിൽ
ചവറുകളെത്തി
ക്രമമായ ക്രമമായ്
വേരു മറച്ചൂ
പൊറ്റയടർന്ന
കരിന്തോടിൻ പരു
എല്ലിൻ വെള്ള;
കാട്ടിക്കേണു!

കാറിരുണ്ടും
പച്ചയഴിച്ചും
ആവി കുമിഞ്ഞൊരു
പ്ലാസ്റ്റിക് കുണ്ടിൽ
ഉടൽ പാതിയുറഞ്ഞ
ചുടലപ്രേതം
എലുമ്പിൻ കൂടായ്
മലർന്നു വിറച്ചൂ
പാണ്ഡു പടർന്ന
മഹാതരുവേകൻ!

കെട്ടൊരുനാറ്റ-
ക്കൂനയിൽ
ഇല്ലാ പ്രാണൻതേടി
വിഷാദം വൃക്ഷം.

അവനുടെ
പാദപ്പെരുവിരൽതേടി
ശാപാസ്ത്രത്തിൻ
വിഷമുനയെത്തി
വീണത്
കാവൽ കുലവുമതൊപ്പം.

രാകിയെറിഞ്ഞൊ-
രിരുമ്പിൻതരികൾ
പുല്ലായിലയായ്പൂവായും
ചുറ്റുമുണർന്നൂ
മുനകൾ മൂർച്ചകൾ
കൊത്തിയൊടുക്കാൻ വെമ്പീ,
ലോഹകാന്താരക്കലി.

L. Thomaskutty’s poem recalls a tree once glimpsed from a moving bus, later reimagined in the stillness of a room, where its life, feelings, and lasting presence unfold into a rich, reflective meditation on nature, memory, and the passage of time.


Related Articles