രാവിലെമുതൽ
തെരഞ്ഞുകൊണ്ടിരുന്ന കണ്ണട
ഒടുവിൽ മൂക്കിൻ മുകളിൽനിന്നുതന്നെ
ഉദ്ദേശം അഞ്ചേ പത്തിന് കണ്ടുകിട്ടി.
എനിക്കു മാത്രം വായിക്കാനായൊരു
ദിനപത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ
നാളെ അതിലെ പ്രധാന വാർത്ത അതാവുമായിരുന്നു
എഡിറ്റോറിയലും അതാവുമായിരുന്നു
ഉൾപ്പേജുകളിൽ അനുബന്ധവാർത്തകളും ഉണ്ടാവുമായിരുന്നു
(ഒരു വാർത്തയും എന്നെക്കുറിച്ചല്ലാത്തതിനാൽ
ഞാനിപ്പോൾ പത്രം വായിക്കാറില്ല)
''ദിവസം മുഴുവൻ നീണ്ട
തെരച്ചിൽ ഒടുവിൽ ഫലം കണ്ടു.''
''താഴെവെച്ചാൽ ഉറുമ്പരിച്ചാലോ എന്ന് കരുതി
മുകളിൽത്തന്നെവെച്ചതായിരുന്നു ഈ അത്ഭുതവസ്തു.''
''വൈകുന്നേരത്തോടെ
ചുമരിന് വെളുപ്പ് തിരിച്ചുകിട്ടി.''
''അഞ്ചേ പത്തിന്
എല്ലാ വസ്തുക്കളിലേക്കും
ആകൃതികൾ മടങ്ങിവന്നു''
''കുത്തുകൾ അക്ഷരങ്ങളായി''
''ചായക്കപ്പ് മേശയുടെ എത്ര വക്കത്താണുള്ളതെന്ന്
അദ്ദേഹത്തിന് സുവ്യക്തമായി കാണുവാൻ സാധിച്ചു.''
പഞ്ചസാരയിടാത്ത ചായ
എണ്ണിയെണ്ണിക്കുറഞ്ഞുകൊണ്ടിരുന്നപ്പോൾ
ഞാൻ എന്നോട് നയത്തിൽച്ചോദിച്ചു;
ഇങ്ങനെ മറന്നാലോ?
(ഇയ്യിടെയായി എന്നെ മാത്രമേ എനിക്കു കിട്ടാറുള്ളൂ
എന്തെങ്കിലും പറയാൻ.
എന്നെയും മുഷിപ്പിച്ചാലോ?)
ഇതെന്തൊരു മുടിഞ്ഞ ഓർമ്മശക്തിയാണ്
എന്നല്ലേ ചോദിക്കേണ്ടത്
എന്നോട് ഞാൻ കയർത്തു.
കാണാതായത് കണ്ണടയാണെന്ന്
ഒരു നീണ്ട പകൽ മുഴുവൻ ഞാനോർമ്മിച്ചില്ലേ?
ശൗചം ചെയ്യാൻ
ഇടങ്കൈതന്നെ ഉപയോഗിക്കാനോ
ഉറങ്ങാൻനേരം കിടക്കാനോ
വസ്ത്രങ്ങൾ തന്നെ ധരിക്കാനോ
വാതിലിലൂടെ തന്നെ പുറത്തിറങ്ങാനോ
ഞാൻ എത്ര കൃത്യമായി ഓർമ്മിക്കുന്നു.
ഞാൻ, ഞാൻ കേൾക്കാതെ പിറുപിറുത്തു,
ചങ്ങാതീ ഇതൊന്നും ഓർമ്മകളല്ല, മറവികൾ
ഓർമ്മയുടെ ഉപ്പിട്ടുണക്കിയ ജഡങ്ങൾ.
Kalpatta Narayanan’s poem is a contemplative reflection on memory, perception, and the delicate interplay between noticing small details and the impermanence of experience.
