വർഷങ്ങൾക്കിപ്പുറം
വീട് പെയിൻ്റടിക്കാൻ തീരുമാനിച്ചു.
നീല നിറം തന്നെ മതിയെന്നായി മക്കൾ.
പകലിൽ തെളിയും ആകാശത്തെ
കണ്ടിരിക്കാമെന്ന്
പേരക്കുട്ടി കളിയാക്കി.
ചുമരിലെ നീലയിൽ
നക്ഷത്രങ്ങൾ വരച്ചിട്ടാൽ
രാത്രിയെ തടവിലാക്കാമെന്ന്
എന്നെ കൊതിപ്പിച്ചു മൂത്തവൾ.
മുമ്പെന്നോ മകൻ വരച്ച
ആന, പോത്ത്, മുയൽക്കുട്ടി
ചുമരിൽ നിന്നും ഉടലനക്കി.
മകൾ കോറിയിട്ട
പൂക്കൾ പൂമ്പാറ്റകൾ
കാടിൻ്റെയകം കുളിർപ്പിക്കും
പലതരം അരുവികൾ, തടാകങ്ങൾ
ഒക്കെയും ചുമരിൽ നിന്ന്
ഇതാ, ഒച്ച വെയ്ക്കാൻ തുടങ്ങിയിരിക്കുന്നു.
പെയിൻ്റുകാരൻ
എല്ലാമുരച്ച്
താഴെയിടാൻ തുടങ്ങി.
ഓർമയിലപ്പോൾ തെളിഞ്ഞു
മകൻ്റെ കയ്യിലെ വർണച്ചോക്കുകൾ.
മകളുടെ വാശി പിടിച്ച കരച്ചിലുകൾ.
പെട്ടന്ന്,
ഉമ്മറത്തു നിന്നും പറന്നു പൂമ്പാറ്റകൾ
തൊടിയിൽ പൂവിട്ടു ചെടികൾ...
കുന്നു കയറാൻ തുടങ്ങി
ആനകൾ, പോത്തുകൾ
വെളുവെളുത്ത മുയൽക്കുട്ടികൾ.
കാലുകളെ നനച്ചു കൊണ്ടൊഴുകി
ഒരു അരുവി താഴേക്ക് !
ഞാൻ പറഞ്ഞു:
വീടെനിക്ക് പെയിൻ്റടിക്കേണ്ട.
ആകാശ നീലയും വേണ്ട.
തിരിച്ചു തന്നാൽ മതിയെനിക്ക്
ചുരണ്ടിക്കളഞ്ഞ ഓർമകൾ.
