ഒന്നെന്ന് വരയ്ക്കുന്ന വീടുകൾ

Poem

ഒന്നെന്ന് വരയ്ക്കുന്ന വീടുകൾ


കിടക്കയുരുമ്മിക്കിടക്കും മുലപെരുക്കങ്ങൾ.
ചോര ചോർന്നും വാർന്നും
പാവലു വള്ളി പോലെ
മേലേക്ക് പടർന്ന കാലുകൾ.
അപ്പൂപ്പൻ താടികളായി
പറന്നെവിടേക്കോ പോയ
മുടിപ്പൂക്കൾ ......

ചാഞ്ഞും ചരിഞ്ഞും,
അടച്ചും തുറന്നും
'കിങ്ങിണിപ്പത്തായങ്ങൾ'
അവ ഇരുളിലിടയ്ക്കിടെ
വെളിച്ചം ചികയുന്ന
കൂട്ടിരിപ്പിൻ മൂങ്ങക്കണ്ണുകൾ !

ഒച്ചിൻ തോടിലേക്ക്
ഏന്തിയും വലിഞ്ഞുമിരിക്കും
തലയിറക്കങ്ങൾ !
അവയൊരിക്കലും
കൂടെയില്ലാത്ത
നൂൽക്കയങ്ങൾ....
വൈദ്യർക്കു മുന്നിൽ
ചടഞ്ഞിരിക്കും
ഭീമൻ വായ്പ്പിളർപ്പുകൾ.
അപരിചിതമായ
ഇടവഴികളവൾക്കപ്പോളി-
രുണ്ട ഭൂഖണ്ഡം.
'ഒറ്റ'പ്പാച്ചിലുകൾ ....
കോണികൾ തെറ്റി തെറ്റി
ശരിയിലേക്കു വഴി തെളിച്ച
നിഴൽപുണർച്ചകൾ!

കിടക്കവിരികൾക്ക്,
നിലപ്പായകൾക്കു
മീതെയൊരേയാകാശം
ഒരേ തണലു പടർന്ന
യിടങ്ങളിലൊരു കാറ്റ്
ഒറ്റ വീടുകളെ തുടച്ച്
ഒന്നെന്ന് വരയ്ക്കുന്നു.!


Related Articles