കരിമുകിൽ പെയ്തു
നിറഞ്ഞ രാവിൽ
കടവത്തു തോണിയുമായി വന്നു
കനിവാർന്നുറക്കെ നീ പേർ വിളിച്ചു
കതകുതുറന്നു ഞാൻ
മുന്നിൽ വന്നു
"വരു.. വരു.., വേഗമിത്തോണിയിൽ നീ
കയറുക, പോകാൻ തിടുക്കമായി "
തുഴ കയ്യിലേന്തി നീ
അക്ഷമയായ്
മറുവാക്കുചൊല്ലാതെ ഞാനണഞ്ഞു.
തളിരണിച്ചില്ലയിൽ
കാറ്റുലഞ്ഞു
തിരകളും തീരവും പോയ് മറഞ്ഞു
കടലുകൾക്കക്കരെ
നിൻകനവിൻ
മരതകത്തോണിയിൽ ഞാനിരുന്നു
കരിമുകിൽപ്പൂമുടി കാറ്റിലോള -
ക്കുതിരകളായിപ്പറന്നു പൊങ്ങി
ഘനശ്യാമ സന്ധ്യയായ്
നീ നിറഞ്ഞു, നിൻ്റെ
നിടിലത്തിലൊരു തിങ്കൾ -
ക്കലപിറന്നു!
ഇരുൾവന്നുമൂടും
നിലാവുമായും
നിഴലുകൾ മൂകം തളർന്നുറങ്ങും
കനിവുപോൽ വിണ്ണിലെ
പൂക്കടമ്പിൽ
പുതുപൂക്കൾ വീണ്ടും
വിരിഞ്ഞു നിൽക്കും -
ഒരു സ്വപ്നമഞ്ചലിൽ നീ മയങ്ങും
പ്രിയഗാനമായ് ഞാൻ
നിറഞ്ഞുനിൽക്കും!
