ജ്ഞാനസാനുവില്‍
തൊട്ടുമടങ്ങിപ്പോകും വഴി
സൂര്യഭാജനം ചൊല്ലിയേല്‍പ്പിച്ച മഹാധനം
കാവ്യജീവിതത്തിന്റെ
തിരമാലയിൽ നേദിച്ചാദരാല്‍
കൈകൂപ്പുമീ സന്ധ്യയ്ക്കു നമസ്കാരം!
സ്നേഹസാനുവിൽ
ശാന്തഗംഭീര ഹിമാംശുവെ
താപസകാരുണ്യം പോലുള്ളില്‍ ഞാനുപാസിച്ചു
ഭാഷയിൽ ഗുരുസ്ഥാന വാസന്തശിഖരങ്ങൾ
ഭാസുരാത്മാവിൽ
നിത്യപുഷ്പങ്ങൾ വിരിയിച്ചു.
ആഴത്തിലേകാന്തത
കടഞ്ഞു സമ്പാദിച്ച നാരായണത്തിൽ
സ്വന്തം നാരായ മുന ചേർത്തു
പ്രാപഞ്ചികങ്ങൾക്കെല്ലാമരുളിക്കൊടുക്കുന്ന
പ്രാർത്ഥനാമന്ത്രം പോലെ
വാക്കുകളുരുവിട്ടു.
മാനവാനന്ദങ്ങളെ
വരവേൽക്കുവാൻ രാജ
വീഥിയിൽ വിയർപ്പിന്റെ സാക്ഷിയായ് നിലകൊണ്ടു
നൂറുനൂറദ്ധ്യായങ്ങളെഴുതിപൊലിപ്പിച്ച
നൂതന പ്രകാശത്തിൽ
അവധൂതനായ് നിന്നു.
