നിയ്യത്ത്‌

Poem

നിയ്യത്ത്‌



വൈകിട്ടുള്ള
വിഭവസമൃദ്ധിയുടെ
കൃത്യതയിൽ
തീരുമാനിച്ചുറച്ച്
നീ അറിയാൻ ശ്രമിക്കുന്നതൊന്നുമേയല്ല
ഏതൊരുറപ്പുമില്ലാതെ
എല്ലാം പാടേയുപേക്ഷിച്ച്
അവൻ/അവൾ
അറിയാൻ ശ്രമിക്കുന്നത്.

അതിരാവിലേ
അലാറംവെച്ചെഴുന്നേറ്റ്
മടിച്ചു മടിച്ച്
നീയെടുക്കുന്ന തയ്യാറെടുപ്പേയല്ല
കൃത്യസമയത്തു ഞെട്ടിയുണർന്ന്
അവൻ/അവൾ
എടുക്കുന്ന ആ തയ്യാറെടുപ്പ്.

വേണ്ടാഞ്ഞിട്ടും
വാരിവലിച്ചു കഴിച്ച്
ഉറക്കച്ചടവോടെ നീ എടുക്കുന്ന
നിയ്യത്തേയല്ല
എന്തോ കഴിച്ചെന്നുവരുത്തി സ്വാദോടെ
അവൻ/അവൾ
എടുക്കുന്ന *നിയ്യത്ത്.

കുഴഞ്ഞുപോയ നിന്റെ ഉടലു,മുയിരും
സമയത്തെ ഏറെ ആയാസത്തിൽ
കെട്ടിവലിക്കുമ്പോലെയല്ല
പൊരിവെയിലത്ത്
അവൻ/അവൾ
അനായാസമതിനെ
ചുമന്നു നടക്കുന്നത്.

വൈകിട്ട് കൃത്യസമയം
ക്‌ളോക്കിൽ മിടിക്കുന്നതു
നീ കേൾക്കുന്നതു പോലെയേയല്ല
ആ വിശുദ്ധസമയം
**വാങ്കിൽ മിടിക്കുന്നത്
അവൻ/അവൾ
കേൾക്കുന്നത്...

മുപ്പതു ദിനങ്ങൾകൊണ്ട്
നീ അനുഭവിച്ചറിഞ്ഞ-തൊന്നുമേയല്ല
അവന്റെ/അവളുടെ കണ്ണുകളിൽ
അപ്പോഴും
ഇപ്പോഴും
മിടിച്ചുകൊണ്ടിരിക്കുന്നത്.

*നിയ്യത്ത്: തീരുമാനിച്ച് ഉറപ്പിക്കൽ. മനസ്സിലുറപ്പിച്ചുകരുതി ചെയ്യുന്ന കർമ്മം. മുസ്‌ളീങ്ങൾ നൊയമ്പെടുക്കുന്നതും തുറക്കുന്നതും നിയ്യത്തോടെയാണ്.


Related Articles