നീയും പുപ്പിപ്പട്ടിയും

Poem

നീയും പുപ്പിപ്പട്ടിയും


ങ്ങനെ മൂന്നാം കണ്ണുതുറന്നിട്ടപ്പോൾ കണ്ടു-
നിന്നെയും; നീ പാലിയ്ക്കും പുപ്പിപ്പട്ടിയെയും ഞാൻ.
എന്തതിൻ നിറം അതുതന്നെ നിൻ തൂവാലയ്ക്കും
നിന്നുടുപ്പിനും മുടിയ്ക്കൊക്കെയും, ചെരുപ്പിനും.

അങ്ങുനിന്നെത്തിച്ചേർന്ന നിന്നെക്കാണുവാനായി-
ഇന്നുതന്നെ ഞാൻ മൂന്നാം കൺപോള മിഴിച്ചല്ലോ.
അല്ലെങ്കിൽ നീയെത്തില്ലെൻ മുന്നിലായ്, ഇരു കൺകൾ
മന്നിലെ സാധാരണദൃശ്യങ്ങൾ മാത്രം കാണും.

ഇല്ലൊരു സുഖവുമക്കാഴ്ചകൾ,
എന്നുമൊന്നു തന്നെയായിരുന്നവ, തനിയേ മങ്ങുന്നവ
ഇരുട്ടിൽ ലയിച്ചാലും വീണ്ടുമെത്തിയെൻ കണ്ണിൽ
വിരസമഷിയിട്ടുനീറ്റുകയാവുമവ.

ഇപ്പൊഴെൻ മൂന്നാം കണ്ണിൻ മുന്നിലെ നിന്നെത്തന്നെ
നിന്നുടെനിറത്തിനെ, പുപ്പിപ്പട്ടിയെത്തന്നെ
കണ്ടുകൊണ്ടിരിക്കുന്നു ഞാനിങ്ങ്, എൻ ചുണ്ടത്തു-
നല്ലൊരു ഐസ്ക്രീം രുചി തങ്ങിനിൽപ്പതുപോലെ.


Related Articles