നീലക്കടൽ

Poem

നീലക്കടൽ


കടലിലേക്ക് ഒരിക്കൽ പോലും ഇറങ്ങിയിട്ടില്ല .
കടൽജലം കൈക്കുമ്പിളിൽ കോരിയെടുത്തിട്ടില്ല.
എങ്കിലും അകലെ നിന്ന്
ഏകാഗ്രമായ് ഹൃദയം തുറന്ന്
കടലിനെ നോക്കി നിന്നിട്ടുണ്ട്
അങ്ങനെയാണ് കടലിന്റെ
ഭാഷ കേട്ടത്
ഭാവമറിഞ്ഞത്
അതിൽ നിറയുന്ന സ്നേഹത്തിന്റെ അഗാധ
നീലിമ കണ്ടെടുക്കാനായത്
കടലിനെ തൊടാതെ
ആഴവും ചുഴികളും
വീതിയും വിസ്താരവും
അതിൽ നിറയും ജലത്തിന്റെ രൂചിയും
ഗന്ധവും
എല്ലാമെല്ലാം അറിയാനായത്
കടലിൽ നിന്ന് ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞിട്ടും
തിരകളുടെ നാദം കേൾക്കാനായത്
അലകളുടെ അനക്കമറിയനായത്
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന
സ്നേഹത്തിന്റെ ഭാഷ കണ്ടത്തിയാൽ
കാലവും ദൂരവും എല്ലാം
മാഞ്ഞു പോകുന്നു
എത്ര വലിയ കടലിനേയും നെഞ്ചിനുള്ളിൽ
ചുരുട്ടി എടുക്കാനാകുന്നു ..
പരിധികളോ അതിരുകളോ
ഇല്ലാതെ മറ്റൊരു പ്രപഞ്ചത്തിലേക്ക്
ചിറക് വിരിക്കാനാകുന്നു ..


Related Articles