അടുക്കളയിലെ,
ചുമർക്കൂടിനുള്ളിൽ
ഒരു ഡയറിയുണ്ടായിരുന്നു
മറിച്ചു കൊണ്ടിരിക്കേ,
ചിരിക്കാനും കരയാനും
സ്വപ്നം കാണാനും
ഒരുപോലെ തോന്നിപ്പിക്കുന്ന ഒന്ന്!
പുറംചട്ടയിൽ,
മഞ്ഞളും മുളകും
പാകത്തിനുപ്പും ചേർത്ത്,
വെളിച്ചെണ്ണയിൽ ചാലിച്ചെഴുതിയ
മനോഹര ചിത്രങ്ങൾ!
താളുകളിൽ,
അടിവരയിട്ടൊടുക്കം എഴുതിയതൊക്കെയും
കടങ്ങളായിരുന്നു,
അതിന് ഉപ്പു രുചി കൂടുതലും!
നടുക്കുനിന്നങ്ങോട്ട്,
ധൃതിയിൽ മറിക്കുമ്പോൾ
ആ കുത്തിക്കുറിക്കലുകൾ
കാണാതെ പോകരുത്!
