നന്ദി! നീ തന്നൊരിളംനീലരാവുകൾ-
ക്കെന്നെക്കുളിരണിയിച്ച നിലാവുകൾ-
ക്കെന്നെച്ചിരിപ്പിച്ച നക്ഷത്രമുല്ലകൾ-
ക്കെന്റെയേകാന്തതതൻ പുഴയോരത്തു
കൊച്ചുകാറ്റിന്റെ കൊതുമ്പുവള്ളത്തിൽ നീ-
യേറ്റിയയച്ച വിശിഷ്ടഗന്ധങ്ങൾക്കു-
മെല്ലാം--എനിക്കു കനിഞ്ഞു നീ തന്നതി-
നെല്ലാം--പ്രിയപ്പെട്ട ജീവിതമേ! നന്ദി! നന്ദി!
